അത്യാവശ്യഘട്ടങ്ങളില്‍ കന്യകാത്വപരിശോധന ആകാമെന്ന് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (13:04 IST)
അത്യാവശ്യഘട്ടങ്ങളില്‍ കന്യകാത്വപരിശോധന ആകാമെന്ന് ഡല്‍ഹി സര്‍ക്കാര്‍. എന്നാല്‍, പരിശോധന നടത്തുന്നതിന് മുമ്പ് സ്ത്രീയുടെ പൂര്‍ണസമ്മതം വാങ്ങിയിരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അതേസമയം, പരിശോധന അനുവദിച്ച് കൊണ്ട് പുറത്തിറക്കിയ സര്‍ക്കുലര്‍ സര്‍ക്കാര്‍ റദ്ദാക്കി.

ടി എഫ് ടി (Two Finger Test), പി വി ഇ (Per Vaginal Examination) എന്നറിയപ്പെടുന്ന കന്യകാത്വ പരിശോധനാ രീതി രാജ്യത്തുടനീളം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ബലാത്സംഗകേസുകളില്‍ സ്ത്രീ ബലാത്സംഗത്തിന് ഇരയായോ എന്ന് പരിശോധിക്കുന്നതിനു വേണ്ടിയായിരുന്നു പ്രധാനമായും നടത്തിയിരുന്നത്.

എന്നാല്‍, ടിഎഫ്ടി സ്ത്രീകളെ അപമാനിക്കുന്നതാണെന്നും അതിനാല്‍ അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സ്ത്രീ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ടി എഫ് ടി തികച്ചും സ്ത്രീവിരുദ്ധമാണെന്നും സ്ത്രീയുടെ അവകാശങ്ങള്‍ക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടി 2013ല്‍ സുപ്രീംകോടതി കന്യകാത്വ പരിശോധനയ്ക്കായി കൂടുതല്‍ ശാസ്ത്രീമായ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ സുപ്രീംകോടതി നിര്‍ദ്ദേശത്തെ അവഗണിച്ച് മെയ് 31ന് ടി എഫ് ടി അനുവദിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കുകയായിരുന്നു. ഈ സര്‍ക്കുലറാണ് ഡല്‍ഹി സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :