അതിര്‍ത്തിയില്‍ ചൈനീസ് ചാരന്‍‌മാര്‍ പിടിയില്‍?

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് മൂന്ന് ചൈനീസ് ചാരന്‍‌മാരെ അതിര്‍ത്തി രക്ഷാസേന പിടികൂടിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ഭൂവിഭാഗത്തുള്ള പ്രധാനപ്പെട്ട നിര്‍മ്മിതികളുടെ ചിത്രങ്ങള്‍ എടുക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്.

രൂപേധിയ അതിര്‍ത്തിയില്‍ വച്ച് തിങ്കളാഴ്ച രാത്രിയിലാണ് ചൈനക്കാര്‍ പിടിയിലായത്. ലിയാവൊ സിങ്ങ്, യു ഡാംഗ്ലി, യാംഗ് ലിയു എന്നിവരാണ് പിടിയിലായത്. നേപ്പാളിലേക്ക് വന്ന ഇവരുടെ പക്കല്‍ പാസ്പോര്‍ട്ടോ വിസയോ മറ്റ് തിരിച്ചറിയല്‍ രേഖകളോ ഇല്ലായിരുന്നു.

നേപ്പാളില്‍ ഒരു നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി എത്തിയ എഞ്ചിനിയര്‍മാരാണ് തങ്ങളെന്ന് പിടിയിലായവര്‍ വാദിക്കുന്നു. അതിര്‍ത്തി വരെ വാഹനത്തില്‍ എത്തിയ ഇവര്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് നടന്നാണ് എത്തിയത്. ഇവര്‍ ചാരന്‍‌മാരാണെന്ന സംശയം ശക്തമാണ്.

പതിനെട്ടിനും മുപ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള ചൈനീസ് യുവാക്കളുടെ ഒരു സംഘം ഇന്ത്യയില്‍ നുഴഞ്ഞുകയറി വിവിധ ടിബറ്റന്‍ സന്ന്യാസി മഠങ്ങളില്‍ അഭയം പ്രാപിച്ചതായി സൂചനകളുണ്ട്. ഇവര്‍ ദലൈലാമയെ അപായപ്പെടുത്താന്‍ എത്തിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :