അഖിലേഷ് യാദവിനെ പുറത്താക്കി; സമാജ്‌വാദി പാര്‍ട്ടി പിളര്‍ന്നു

അഖിലേഷിനെ പുറത്താക്കി, എസ് പി പിളര്‍ന്നു

Akhilesh Yadav, Samajvadi Party, Mulayam, Ramgopal Yadav, അഖിലേഷ് യാദവ്, സമാജ്‌വാദി പാര്‍ട്ടി, മുലായം, രാംഗോപാല്‍ യാദവ്
ലക്‌നൗ| Last Updated: വെള്ളി, 30 ഡിസം‌ബര്‍ 2016 (20:03 IST)
സമാജ്‌വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക്. യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അഖിലേഷ് യാദവിന്‍റെ വിശ്വസ്തനായ രാം ഗോപാല്‍ യാദവിനെയും പുറത്താക്കി. ആറുവര്‍ഷത്തേക്കാണ് പുറത്താക്കിയിരിക്കുന്നത്. പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് പുറത്താക്കല്‍.

അഖിലേഷ് യാദവിന് പകരം പുതിയ മുഖ്യമന്ത്രിയെ ഉടന്‍ തീരുമാനിക്കുമെന്ന് മുലായം സിംഗ് യാദവ് അറിയിച്ചു. അഖിലേഷിന്‍റെ ഭാവി തകര്‍ക്കുന്നത് രാം ഗോപാല്‍ യാദവാണെന്നും ഇക്കാര്യം അഖിലേഷ് തിരിച്ചറിയുന്നില്ലെന്നും മുലായം പറഞ്ഞു.

മുലായംസിംഗ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ എസ്പിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി പട്ടികയ്ക്ക് സമാന്തരമായി മറ്റൊരു സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയതിന് അഖിലേഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് അഖിലേഷിനെയും രാംഗോപാല്‍ യാദവിനെയും പുറത്താക്കിയിരിക്കുന്നത്.

അഖിലേഷ് യാദവും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും അഖിലേഷിന്‍റെ ഇളയച്ഛനുമായ ശിവപാല്‍ യാദവും തമ്മിലുളള തര്‍ക്കമാണ് പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. മുലായം സിംഗ് യാദവ് അഖിലേഷിനെ കൈവിട്ട് ശിവപാലിനൊപ്പം നിന്നു. അഖിലേഷിന്‍റെ അനുകൂലികളെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ നിന്ന് വെട്ടിനിരത്തി ശിവപാല്‍ കരുത്തുകാട്ടി. ഇതോടെ വിഭാഗീയ പ്രവര്‍ത്തനം ശക്തമാക്കി അഖിലേഷ് തിരിച്ചടിച്ചു. 235 പേരുടെ ബദല്‍ സ്ഥാനാര്‍ഥിപട്ടിക അഖിലേഷ് പുറത്തുവിട്ടു. ഇതോടെ അനിവാര്യമായ പിളര്‍പ്പിലേക്ക് പാര്‍ട്ടി എത്തുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :