ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ശനി, 21 ഫെബ്രുവരി 2009 (13:38 IST)
വ്യാഴാഴ്ച വൈകിട്ട് മദ്രാസ് ഹൈക്കോടതി വളപ്പിലുണ്ടായ അക്രമസംഭവങ്ങള്‍ തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്ന് ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍. എന്നാല്‍ ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസെന്ന നിലയില്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സര്‍ക്കാര്‍ തന്നെ തീരുമാനമെടുക്കുന്നതായിരിക്കും ഉചിതമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സുബ്രഹ്‌മണ്യം സ്വാമിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ നടത്തിയ പ്രകടനമാണ് കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രകടനം നടത്തിയ അഭിഭാഷകര്‍ കോടതിക്ക് മുന്നില്‍ വച്ച് പൊലീസിന് നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം സുബ്രഹ്‌മണ്യം സ്വാമിയെ കോടതിമുറിക്കുള്ളില്‍ അഭിഭാഷകര്‍ ആക്രമിച്ചിരുന്നു. ഈ കേസില്‍ കുറ്റക്കാരായ 13 അഭിഭാഷകരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചത്. പൊലീസ് ലാത്തിച്ചാര്‍ജ്ജിനെ തുടര്‍ന്ന് അഭിഭാഷകര്‍ പിരിഞ്ഞു പോയെങ്കിലും പിന്നീട് ഹൈക്കോടതി വളപ്പിലുള്ള പൊലീസ് സ്റ്റേഷന് നേര്‍ക്ക് അക്രമമുണ്ടായി. പൊലീസ് സ്റ്റേഷന് അഭിഭാഷകര്‍ തീ വച്ചെങ്കിലും അഗ്നിശമനസേന ഉടന്‍ തീയണച്ചു.