Last Modified ബുധന്‍, 7 ഓഗസ്റ്റ് 2019 (13:25 IST)
പശുക്കളുടെ സംരക്ഷണത്തിന് ഉത്തര്‍പ്രദേശ് പുതിയ പദ്ധതി തയ്യാറാക്കി. പശുക്കള്‍ അലഞ്ഞുതിരിയുന്നത് കാരണം യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും കർഷകർക്കും ബുദ്ധിമുട്ട് ഏറിയതോടെ സര്‍ക്കാരിന് തലവേദനയായിരുന്നു. ഇതാണ് പുതിയ പദ്ധതി കൊണ്ടുവരാന്‍ കാരണം. ‘മുഖ്യമന്ത്രി ബേ സഹാര ഗോ വന്‍ഷ്’ എന്നാണ് പദ്ധതിക്ക് പേര് നല്‍കിയത്. പദ്ധതി പ്രാബല്യത്തില്‍ വരുത്തുന്നതിനായി ആദ്യഘട്ടം 109 കോടി രൂപയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ളത്.
സര്‍ക്കാരിന് കീഴിലെ ഗോശാലകളിലെ പശുക്കളെ ഏറ്റെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രതിമാസം പണം നല്‍കുന്ന പദ്ധതിയാണ് പ്രാബല്യത്തില്‍ വന്നത്. ഇതനുസരിച്ച് ഒരു പശുവിന് ദിവസം 30 രൂപ കണക്കില്‍ നല്‍കും. എല്ലാമാസവും ബാങ്ക് അക്കൗണ്ട് വഴി തുക കൈമാറുമെന്നാണ് വാഗ്ദാനം. പുതിയ പദ്ധതിയിലൂടെ പശു സംരക്ഷണം ഉറപ്പുവരുത്താനാവുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്നുമാണ് സര്‍ക്കാര്‍ വാദം. നിലവില്‍ ഒരു ലക്ഷത്തിലേറെ പശുക്കള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗോശാലകളില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്.