തീവ്രവാദം മനുഷ്യകുലത്തിനു തന്നെ ഭീഷണിയാണെന്ന് പ്രധാനമന്ത്രി; മുംബൈ ഭീകരാക്രമണം ഇന്ത്യ ഒരിക്കലും മറക്കില്ല

ഭീകരവാദത്തിന്റെ വിനാശകരമായ വശം ലോകം മനസ്സിലാക്കി- മന്‍ കി ബാത്തില്‍ മോദി

Narendra Modi , Mann Ki Baat , Terror , മൻ കീ ബാത്ത് , മുംബൈ ഭീകരാക്രമണം , ഭീകരവാദം , നരേന്ദ്രമോദി
ന്യൂഡല്‍ഹി| സജിത്ത്| Last Modified ഞായര്‍, 26 നവം‌ബര്‍ 2017 (13:31 IST)
കോൺഗ്രസ് നേതൃത്വത്തിന് ചുട്ടമറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ മാസവും ഞായാറാഴ്ചകളിൽ നടത്തി വരാറുള്ള മൻ കീ ബാത്ത് എന്ന റേഡിയോ പരിപാടിയിലാണ് തന്നെ ചായവിൽപ്പനക്കാരനെന്ന് അധിക്ഷേപിച്ച കോൺഗ്രസിന് മോദി മറുപടി നല്‍കിയത്. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് വേദിയിൽ ചായ കുടിച്ചുകൊണ്ടിരുന്ന് മൻ കീ ബാത്ത് എന്ന റേഡിയോ പരിപാടി കേട്ടായിരുന്നു അമിത് ഷായും അരുൺ ജയ്റ്റ്ലിയും അടക്കമുള്ള നേതാക്കൾ കോൺഗ്രസ് വിമർശനത്തെ നേരിട്ടത്.

അതേസമയം, മന്‍ കി ബാത്തിലൂടെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. ഭീകരവാദം എന്നും മനുഷ്യന് ഭീഷണിയാണ്. ഇത് നമ്മുടെ രാജ്യത്തു മാത്രമല്ല, ലോകത്താകമാനം ഭീഷണിയാണ്. ഭീകരവാദത്തിനെ ലോകം ഒരുമിച്ച് നിന്ന് തോൽപ്പിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നുവെന്നും മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

ഒമ്പത് വർഷം മുമ്പാണ് രാജ്യത്തെ പിടിച്ച് കുലുക്കിയ മുംബൈ ഭീകരാക്രമണം നടന്നത്. അത് ഒരിക്കലും മറക്കാന്‍ രാജ്യത്തിന് കഴിയില്ല. അന്നത്തെ സംഭവത്തിനിടെ ജീവൻ ബലികഴിക്കേണ്ടി വന്ന പൊലീസ്, സൈനിക ഉദ്യോഗസ്ഥർക്ക് ഈ അവസരത്തിൽ പ്രണാമം അർപ്പിക്കുന്നു. അവരുടെ ത്യാഗത്തെ ഒരിക്കലും രാജ്യം മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ബുദ്ധന്റെയും മഹാവീരന്റെയും ഗുരുനാനാക്കിന്റെയും മഹാത്മാഗാന്ധിയുടെയും നാടാണെന്നും നമ്മള്‍ അഹിംസയില്‍ വിശ്വസിക്കുന്നവരാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :