സംസ്ഥാന ബജറ്റ് ജനങ്ങളെ പറ്റിക്കാനുള്ള കണ്‍കെട്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

ശ്രീനു എസ്| Last Modified ശനി, 5 ജൂണ്‍ 2021 (09:26 IST)
ന്യൂഡല്‍ഹി: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്
ജനങ്ങളെ പറ്റിക്കാനുള്ള കണ്‍കെട്ട്
മാത്രമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. 20000 കോടിയുടെ കൊവിഡ് പാക്കേജും 11000 കോടിയുടെ തീരദേശ പാക്കേജും വെറും
പ്രഖ്യാപനങ്ങള്‍ മാത്രമാണ്.

കൊവിഡ് പാക്കേജിനുള്ള പണം പദ്ധതി വിഹിതത്തില്‍ നിന്നാണോ എന്ന് ധനമന്ത്രി വ്യക്തമാക്കുന്നില്ല. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച 20000 കോവിഡ് പാക്കേജ് തട്ടിപ്പായിരുന്നെന്ന് തെളിഞ്ഞതാണ്. തീരദേശ വികസനത്തിന്
2018-19 ബജറ്റില്‍ പ്രഖ്യാപിച്ച 2000 കോടിയുടെ
പാക്കേജും 2020-21 ലെ 1000 കോടിയും ഇപ്പോഴും കടലാസിലാണെന്നിരിക്കെയാണ് പുതിയ പാക്കേജ് പ്രഖ്യാപിച്ച് തീരദേശവാസികളെ പരിഹസിക്കുന്നതെന്നും മന്ത്രി പറഞ്ഞു.



മുന്‍ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞത് അനുസരിച്ച് 5000 കോടി ഖജനാവില്‍ നീക്കിയിരിപ്പുണ്ട്.ഇതേകുറിച്ച് പുതിയ ബജറ്റില്‍ പരാമര്‍ശം ഇല്ല. സംസ്ഥാനത്തിന്റെ ധന സ്ഥിതിയെകുറിച്ച് വിശദീകരിക്കാനും
ധനമന്ത്രി തയ്യാറായിട്ടില്ല. വിദ്യാര്‍ത്ഥികളുടെ
ഓണ്‍ലൈന്‍ പഠനത്തിന് 2 ലക്ഷം
ലാപ് ടോപ്പുകള്‍
വാങ്ങിക്കാന്‍ വായ്പ സൗകര്യം ഒരുക്കുമെന്ന പ്രഖ്യാപനമാണ് മറ്റൊന്ന്.ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ സമീപനം ആത്മാര്‍ത്ഥമാണെങ്കില്‍ പഠനോപകരണങ്ങള്‍ സൗജന്യമായി നല്‍കുകയാണ് വേണ്ടത്. കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍ വിവിധ മേഖലകളില്‍ വായ്പ പദ്ധതി ചൂണ്ടികാണിക്കുന്നുണ്ടെങ്കിലും ഇതിനുള്ള പണം കണ്ടെത്തുന്നത് എങ്ങിനെ എന്നതിലും വ്യക്തതയില്ല. തോമസ് ഐസക്ക് കിഫ്ബിയാണ് ധനാഗമന മാര്‍ഗ്ഗമായി ചൂണ്ടികാട്ടിയിരുന്നതെങ്കില്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെ വിദേശ വായ്പ സ്വീകരിച്ച കിഫ്ബിയെ പുതിയ ധനമന്ത്രി കൈവിടുന്ന കാഴ്ചയാണ് ബജറ്റില്‍ കണ്ടത്. കടക്കെണിയിലായ സംസ്ഥാനത്തെ അതില്‍ നിന്ന് മോചിപ്പിക്കാനുള്ള പദ്ധതികളൊന്നും മുന്നോട്ട് വക്കാന്‍ കഴിഞ്ഞിട്ടില്ല. അതേ സമയം അനാവശ്യ കേന്ദ്ര വിമര്‍ശനം ബജറ്റ് പ്രസംഗത്തിലും നടത്തുക വഴി ബജറ്റിനെയും
ഇടത് സര്‍ക്കാര്‍ രാഷ്ട്രീയവത്കരിച്ചെന്ന്
മന്ത്രി പറഞ്ഞു. 'അര്‍ഹമായ നികുതി വിഹിതം കേന്ദ്രം സംസ്ഥാനത്തിന് നല്‍കി വരുന്നുണ്ട്. ഇക്കാര്യം മറച്ചു വച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രതികരണമാണ് ധനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. കൊവിഡ് വാക്‌സിന്‍ വിതരണ നയം സംബന്ധിച്ചും കള്ളം പ്രചരിപ്പിക്കുകയാണെന്നും മന്ത്രി
കുറ്റപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :