മീററ്റ്|
സജിത്ത്|
Last Modified വെള്ളി, 28 ഏപ്രില്‍ 2017 (20:03 IST)
മുഖ്യമന്ത്രിയുടേതുപോലെ മുടി മുറിക്കാൻ കുട്ടികളോട് ആവശ്യപ്പെട്ട സ്കൂൾ വിവാദത്തിൽ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തല മുണ്ഡനം ചെയ്യുന്നതിനു സമാനമായ, പറ്റെ വെട്ടിയുള്ള ഹെയർസ്റ്റെൽ പിന്തുടരാൻ കുട്ടികളെ നിർബന്ധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ആ ഉത്തരവ് പിൻവലിക്കണമെന്നും രക്ഷകർത്താക്കളും വിദ്യാർഥികളും സദറിലെ ഋഷഭ് അക്കാദമി സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടു.
സ്‌കൂളില്‍ മാംസ ഭക്ഷണത്തിന് വിലക്കുണ്ടെന്നും ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വെവ്വേറെ ക്ലാസുകളിലാണ് പഠിപ്പിക്കുന്നതെന്നുമുള്ള പരാതികളും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉന്നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ആദിത്യനാഥിന്റെ തലമുടി അനുകരിക്കാന്‍ പറ്റാത്ത ആരുംതന്നെ ഇനി മുതല്‍ സ്‌കുളില്‍ വരേണ്ടെന്ന് നിര്‍ദേശിച്ചതായും സ്‌കൂള്‍ മദ്രസയല്ലെന്നും താടി വടിച്ച് വേണം ക്ലാസില്‍ വരാനെന്നും പറഞ്ഞതായും പരാതിയുണ്ട്.
അതേസമയം ഈ ആരോപണങ്ങളെല്ലാം സ്‌കൂള്‍ മാനേജ്‌മെന്റ് തള്ളിയതായാണ് വിവരം. അച്ചടക്കത്തിന്റെ ഭാഗമായി സൈനികരുടേതിന് സമാനമായ രീതിയില്‍ മുടിവെട്ടണമെന്ന നിര്‍ദ്ദേശം മാത്രമാണ് നല്‍കിയതെന്ന വ്വാദമാണ് മാനേജ്‌മെന്റ് ഉന്നയിച്ചിരിക്കുന്നത്. ആദ്യം മുതല്‍ക്ക് തന്നെ ഇറിച്ചിയും മുട്ടയും സ്കൂളിലേക്കു കൊണ്ടുവരാൻ അനുവദിക്കാറില്ലെന്നും ഇത്തരം സംഭവങ്ങൾക്ക് വർഗീയതയുടെ നിറം നല്‍കരുതെന്നുമാണ് സ്കൂൾ അധികൃതർ അറിയിച്ചത്.