മുംബൈ|
സജിത്ത്|
Last Modified ശനി, 13 ജനുവരി 2018 (16:49 IST)
മൂന്ന് മലയാളികൾ ഉൾപ്പെടെ മുംബൈയിൽനിന്ന് ഏഴു പേരുമായി പോയ ഹെലികോപ്റ്റർ മുംബൈ തീരത്ത് തകർന്നുവീണു. ഒഎൻജിസിയിലെ അഞ്ച് ഉദ്യോഗസ്ഥരും രണ്ടു പൈലറ്റുമാരുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ചാലക്കുടി സ്വദേശി വി കെ ബാബുവാണ് മരിച്ചവരില്‍ ഒരാള്‍. തീരദേശ സേനയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
കോതമംഗലം സ്വദേശി ജോസ് ആന്റണി, തൃശൂർ സ്വദേശി പി.എൻ. ശ്രീനിവാസൻ എന്നിവരാണ് കാണാതായിരിക്കുന്ന മറ്റ് മലയാളികൾ. തിരച്ചിലിനിടെ ഉള്‍ക്കടലില്‍ ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. തീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെവച്ച് ബന്ധം നഷ്ടമായെന്ന് എയർ ട്രാഫിക് കൺട്രോൾ (എടിസി) അറിയിച്ചു. രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡിൽനിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്.
10.20ന് പറന്നുയർന്ന ഹെലികോപ്‌ടർ 10.58ന് ഒഎൻജിസിയുടെ നോർത്ത് ഫീൽഡിൽ എത്തിച്ചേരേണ്ടിയിരുന്നതാണ്. എന്നാൽ പറന്നുയർന്നതിനു പിന്നാലെ ഹെലികോപ്റ്ററുമായുള്ള ബന്ധം എടിസിക്ക് നഷ്ടമാവുകയായിരുന്നു. പവൻ ഹാൻസ് വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററാണ് കാണാതായത്.