കയ്യിലുള്ള 500, 1000 നോട്ടുക‌ൾക്ക് വിലയില്ലെന്ന് കരുതേണ്ട; കേരള ലോട്ടറി നറുക്കെടുപ്പും ചിട്ടിലേലവും മാറ്റിവെക്കും: ധനമന്ത്രി

പെട്ടന്നുള്ള പ്രഖ്യാപനമാണ് കുഴപ്പങ്ങൾക്ക് കാരണം, 500, 1000 നോട്ടുകൾ നഷ്ടപ്പെടില്ലെന്ന് തോമസ് ഐസക്

aparna shaji| Last Modified ബുധന്‍, 9 നവം‌ബര്‍ 2016 (12:54 IST)
കേന്ദ്ര സർക്കാർ 500, 1000 നോട്ടുകൾ അസാധു ആക്കിയതോടെ വെട്ടിലായത് സാധാരണക്കാരാണ്. കേരളത്തിൽ ലോട്ടറികളുടെ നറുക്കെടുപ്പ് മാറ്റിവെക്കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. 500, 1000 നോട്ടുകൾ പിൻവലിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ നീക്കം. ഇന്നലെ വിറ്റഴിച്ച ടിക്കറ്റിന്റെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഇനി വരുന്ന രണ്ടു ദിവസത്തെ നറുക്കെടുപ്പാകും മാറ്റിവെക്കുക. കെ എസ് എഫ് ഇയുടെ ചിട്ടി ലേലവും താൽക്കാലികമായി നിർത്തിവെക്കും.

ലോട്ടറിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പരിഹരിക്കാന്‍ ധനകാര്യ സെക്രട്ടറി കേന്ദ്രവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 1000,500 രൂപ കയ്യിലുണ്ടെങ്കില്‍ നഷ്ടപ്പെടുമെന്ന് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു. ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും ഇല്ലാത്ത സാധാരണക്കാരന്‍ വെട്ടിലായി. സമ്പദ്ഘടന പരിപൂര്‍ണ്ണ സ്തംഭനത്തിലാകും. ഏതാനും ദിവസം കഴിഞ്ഞാല്‍ കാര്യങ്ങള്‍ സാധാരണ ഗതിയിലാകും. പക്ഷേ അതിനകം ഉണ്ടായ തിരിച്ചടി മറികടക്കാന്‍ പിന്നെയും ദിവസങ്ങള്‍ വേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാറിന്റെ നടപടി സംസ്ഥാനങ്ങളെ കൂടി അറിയിച്ചു കൊണ്ടാകണമായിരുന്നെന്നും പെട്ടെന്നുള്ള പ്രഖ്യാപനമാണ് കുഴപ്പങ്ങള്‍ക്ക് കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കയ്യിൽ 500 രൂപ നോട്ടുകൾ മാത്രം ഉള്ളവരെയാണ് ഈ പ്രഖ്യാപനം ബാധിക്കുന്നതെന്ന് വ്യക്തം. നോട്ടുകള്‍ സ്വീകരിക്കുന്ന പെട്രോള്‍ പമ്പ്, റെയില്‍വേ സ്‌റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജനങ്ങള്‍ തടിച്ചുകൂടിയിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :