പനി, ചുമ, ശ്വാസതടസം എന്നിവ നേരിടുന്ന എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും, മാർഗനിർദേശങ്ങളിൽ മാറ്റംവരുത്തി ഐസിഎംആർ

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 21 മാര്‍ച്ച് 2020 (14:06 IST)
ഡൽഹി: രാജ്യത്ത് ബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ പരിശോധന സംബന്ധിച്ച മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച്. ശ്വാസതടസം, പനി, ചുമ എന്നീ രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്ന എല്ലാവരെയും കോവിഡ് 19 പരിശോധനയ്ക്ക് വിധേയരാക്കാൻ ഐസിഎംആറിന്റെ പുതിയ നിർദേശം.

കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച ആളുകളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും ഹൈറിസ്ക് പട്ടികയിൽപ്പെട്ടവരെയും ലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ല എങ്കിൽകൂടി പരിശോധനയ്ക്ക് വിധേയരാക്കാനും പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നു. രാജ്യാന്തര യാത്രകൾക്ക് ശേഷം തിരികെയെത്തിയവരെയും അവരുമായി ബന്ധപ്പെട്ട് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവരെയുമാണ് ഇതുവരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നത്.

വൈറസിന്റെ സാമൂഹിക വ്യാപനം ചെറുക്കുന്നതിനായാണ് എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കാനുള്ള നീക്കം. അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 271 കടന്നതായാണ് റിപ്പോർട്ടുകൾ. സാമൂഹിക വ്യാപനം ഇതേവരെ ആരംഭിച്ചിട്ടില്ല എന്നാണ് ഐസിഎംആറിന്റെ നിഗമനം. ഇന്നലെ 12 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കേരളത്തിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :