ന്യൂഡല്‍ഹി|
jibin|
Last Modified തിങ്കള്‍, 1 ജൂണ്‍ 2015 (09:00 IST)
മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, വിമാനയാത്ര, ട്രെയിന്‍യാത്ര, ഹോട്ടല്‍ ഭക്ഷണം എന്നിവയ്ക്ക് ഇന്നുമുതല്‍ ചെലവേറും. പുതിയ സേവന നികുതി ഇന്ന് നിലവില്‍ വരുന്ന സാഹചര്യത്തിലാണ് ചെലവേറുന്നത്. സേവന നികുതിയില്‍ 14 ശതമാനം വരേയാണ് വര്‍ധന വരുന്നത്. കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച സേവന നികുതി വര്‍ധനയിലൂടെ 2 ലക്ഷം കോടിരൂപയുടെ അധിക വരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
എസി, ഫസ്റ്റ് ക്ലാസ് ട്രെയിന്‍യാത്രാനിരക്കില്‍ 5 മുതല്‍ 20 രൂപ വരെയുള്ള വര്‍ധനയാണ് ഉണ്ടാകുക. സബര്‍ബന്‍ റെയില്‍വേ നിരക്കുകളിലും വര്‍ദ്ധനയുണ്ട്. ഫസ്റ്റ് ക്ലാസ് സബര്‍ബന്‍ സീസണ്‍ ടിക്കറ്റ് നിരക്കുകള്‍ അഞ്ച് രൂപ കൂടും.നിലവില്‍ 12.36 ശതമാനമാണ് എസി, ഫസ്റ്റ് ക്ലാസ് യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി. യാത്രാനിരക്ക് ഇന്നു മുതല്‍ കൂടുമെങ്കിലും ജൂണ്‍ ഒന്നിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് നിരക്ക് വര്‍ധന ബാധകമാകില്ല. 60 കിലോമീറ്ററിന് മുകളില്‍ സബര്‍ബന്‍ റെയില്‍വേയില്‍ യാത്ര ചെയ്യുന്ന സീസണ്‍ ടിക്കറ്റ് യാത്രക്കാരുടെ ടിക്കറ്റ് നിരക്ക് പത്ത് രൂപ കൂടുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
മൊബൈല്‍ നിരക്കുകളും ഇന്ന് മുതല്‍ വര്‍ദ്ധിക്കും. മൊബൈല്‍ നിരക്കുകള്‍ കൂട്ടിയാല്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരുമെന്നതിനാല്‍ നിരക്ക് കൂട്ടുന്നതിനുപകരം സംസാരസമയം കുറച്ചുകൊണ്ടുള്ള സംവിധാനമാണ് പല മൊബൈല്‍ കമ്പനികളും തുടരുന്നത്. 220 രൂപയുടെ പ്ലാനില്‍ ഇതുവരെ 195.80 പൈസയ്ക്ക് വിളിക്കാന്‍ പറ്റുന്നത് ഇനി 190 രൂപയ്‌ക്കേ വിളിക്കാന്‍ പറ്റൂ. 110 രൂപയുടെതില്‍ നേരത്തേ 94 രൂപയ്ക്ക് വിളിക്കാന്‍ പറ്റുന്നത് ഇനി 93.43 രൂപയ്‌ക്കേ പറ്റൂ. 55 രൂപാ പ്ലൂനില്‍ ഇനി 45.25 രൂപയ്ക്കാണ് വിളിക്കാനാവുക. നേരത്തേ 45.94 രൂപയ്ക്ക് വിളിക്കാമായിരുന്നു. മറ്റ് എല്ലാ മൊബൈല്‍ കമ്പിനികളിലും സമാനമായി സംസാരസമയം ഉപഭോക്താക്കള്‍ക്ക് കുറയും. ബിഎസ്എന്‍എല്‍. എല്ലാ വിഭാഗത്തിലും ടോക് ടൈം കുറച്ചു.
അതേ സമയം ആദായനികുതി റിട്ടേണ്‍സമര്‍പ്പിക്കേണ്ടഅവസാന തീയതി കേന്ദ്ര ധനകാര്യ മന്ത്രാലയം ആഗസ്റ്റ് 31ലേക്ക് നീട്ടി. ജൂലൈ 31ന് മുന്‍പ് സമര്‍പ്പിക്കണം എന്ന മുന്‍ തീരുമാനത്തിലാണ് നികുതി വകുപ്പിന്റെ ശുപാര്‍ശയെ തുടര്‍ന്ന് ധനകാര്യ മന്ത്രാലയം മാറ്റം വരുത്തിയത്. വിദേശ യാത്ര ചെലവുകളും, നിര്‍ജ്ജീവമായ അക്കൗണ്ടുകളുടെ വിശദാംശങ്ങളും നിര്‍ബന്ധമായും നല്‍കണമെന്ന മുന്‍തീരുമാനത്തിലും ധനകാര്യ മന്ത്രാലയം ഇളവ് വരുത്തി.