ജ്വല്ലറിയുടെ ചുമർ തുരന്ന് വൻ കവർച്ച; 35 കിലോ സ്വർണവും വജ്രവും നഷ്ടപ്പെട്ടു

ജ്വല്ലറിയുടെ പിന്‍വശത്തെ ചുമര്‍ തുറന്ന് അകത്തു കയറിയ കവര്‍ച്ചാ സംഘം പരമാവധി സ്വര്‍ണം ശേഖരിച്ച് രക്ഷപ്പെടുകയായിരുന്നു.

തുമ്പി എബ്രഹാം| Last Modified ബുധന്‍, 2 ഒക്‌ടോബര്‍ 2019 (16:43 IST)
തമിഴ്നാട്ടിൽ വന്‍ സ്വര്‍ണ കവര്‍ച്ച. തിരുച്ചിറപ്പള്ളിയിലെ ലളിതാ ഗോള്‍ഡിന്‍റെ ശാഖയില്‍ നിന്നാണ് മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗസംഘം അന്‍പത് കോടി രൂപ മൂല്യം വരുന്ന സ്വര്‍ണം കവര്‍ന്നത്. നഗരമധ്യത്തിലെ ചൈത്രം ബസ് സ്റ്റാന്‍ഡിന് സമീപം സ്ഥിതി ചെയ്യുന്ന ജ്വല്ലറി അതിവിദഗ്ദ്ധമായാണ് കവര്‍ച്ചാസംഘം കൊള്ളയടിച്ചത്. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് ജ്വല്ലറി കൊള്ളയടിക്കപ്പെട്ടത്.

ജ്വല്ലറിയുടെ പിന്‍വശത്തെ ചുമര്‍ തുറന്ന് അകത്തു കയറിയ കവര്‍ച്ചാ സംഘം പരമാവധി സ്വര്‍ണം ശേഖരിച്ച് രക്ഷപ്പെടുകയായിരുന്നു. രാവിലെ കട തുറക്കാനായി ജീവനക്കാര്‍ എത്തിയപ്പോള്‍ ആണ് കവര്‍ച്ചാ വിവരം പുറംലോകം അറിയുന്നത്. മൃഗങ്ങളുടെ മുഖം മൂടി ധരിച്ചെത്തിയ കവര്‍ച്ചക്കാരുടെ ദൃശ്യങ്ങള്‍ ജ്വല്ലറിയിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. പുലര്‍ച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലായാണ് കവര്‍ച്ച നടന്നിരിക്കുന്നത്.

മോഷ്ടാക്കളെ കണ്ടെത്താനായി പ്രത്യേക അന്വേഷണസംഘം ശ്രമം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ എല്ലാ സിസിടിവി ക്യാമറകളും പൊലീസ് പരിശോധിച്ചു വരികയാണ് ഈ മേഖലയില്‍ നിന്നും കഴിഞ്ഞ 24 മണിക്കൂറില്‍ വന്നതും പോയതുമായ ഫോണ്‍ കോളുകളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്. കഴിഞ്ഞ ജനുവരിയിലും സമാനമായ രീതിയില്‍ തിരുച്ചിറപ്പള്ളിയില്‍ കവർച്ച നടന്നിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :