തമിഴകത്തിന്റെ രാഷ്‌ട്രീയം മാറ്റിമറിച്ച “ പത്ത് സെക്കന്‍ഡും ഒറ്റ വാക്കും ”

 തമിഴ്‌നാട് , കോടതി , കോടതി വിധി , കേസ് , അറസ്റ്റ് , ജയലളിത
ചെന്നൈ| jibin| Last Updated: തിങ്കള്‍, 11 മെയ് 2015 (12:34 IST)
തമിഴകത്തിന്റെ രാഷ്‌ട്രീയം മാറിമറിയാന്‍ പ്രത്യേക ജഡ്ജി ജസ്റ്റിസ് സിആർ കുമാരസ്വാമിക്ക് വേണ്ടി വന്നത് പത്ത് സെക്കന്‍ഡും ഒറ്റ വാക്കും. തമിഴ്‌നാടിന്റെ അമ്മയെന്ന പുരച്ചിതലൈവിയുടെ മുന്നോട്ടുള്ള രാഷ്‌ട്രീയ ഭാവിയുടെ ഗതി നിര്‍ണയിക്കുന്നതായിരുന്നു ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കര്‍ണാടക ഹൈക്കോടതിയില്‍ അരങ്ങേറിയത്.

ഇന്ത്യാ മഹാരാജ്യം ഉറ്റുനോക്കിയിരുന്ന വിധി കേള്‍ക്കാന്‍ കോടതി പരിസരത്ത് നൂറ് കണക്കിന് ആളുകളാണ് തടിച്ചു കൂടിയിരുന്നത്. വിധി പറയുന്ന സാഹചര്യം കണ്‍ക്കിലെടുത്ത് കര്‍ണാടക ഹൈക്കോടതിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്നു രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയായിരുന്നു. എന്നിട്ടും കോടതി പരിസരത്തേക്ക് പ്രവര്‍ത്തകര്‍ എത്താന്‍ ശ്രമിച്ചു. അമ്മയുടെ വിധി കേള്‍ക്കാന്‍ കോടതിയിലേക്ക് അഭിഭാഷകര്‍ തള്ളിക്കയറുക കൂടി ചെയ്‌തതോടെ തമിഴകത്തിന്റെ വിധി പറച്ചിലായി മാറി കര്‍ണാടക ഹൈക്കോടതിയില്‍. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പോലും ഞെട്ടിച്ചുകൊണ്ട് ജയലളിതയുടെ അപ്പീല്‍ കോടതി അംഗീകരിക്കുന്നതായി വ്യക്തമാക്കിയതോടെ തമിഴ്‌നാട് ആഹ്ലാദത്തില്ലേക്ക് തിരിയുകയായിരുന്നു.

ജയലളിതയെന്ന ശക്തയായ നേതാവിന്റെ അസാന്നിധ്യം കുറച്ചൊന്നുമല്ല അണ്ണാ ഡി എം കെ യെ അലട്ടിയത്. സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്ന ആരോപണമാണ് സര്‍ക്കാര്‍ നേരിട്ടത്. ചെന്നൈ മെട്രോയുടെ ഉദ്ഘാടനവും കോടികളുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ആഗോള നിക്ഷേപ സംഗമവും സര്‍ക്കാര്‍ നീട്ടി വച്ചിരിക്കുകയായിരുന്നു. ഇതെല്ലാം വീണ്ടും സജീവമാകുന്നതോടെ പുനആരംഭിച്ചിച്ച് മുന്നോട്ട് പോകാം എന്നാണ് എഡിഎംകെ കരുതുന്നത്.

തങ്ങളുടെ പ്രീയപ്പെട്ട അമ്മയെ രക്ഷിക്കാന്‍ ഇനി ദൈവങ്ങള്‍ക്ക് മാത്രമെ കഴിയുവെന്ന് കരുതി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പ്രാര്‍ഥനയും പൂജയും നടന്നിരുന്നു. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടത്തുന്നതിനൊപ്പം ശരീരം ശൂലം തുളച്ചുള്ള ആരാധനയും പലയിടങ്ങളിലും നടന്നു. അന്നദാനവും
സഹായങ്ങളും ചെയ്യുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു മടിയും കാണിച്ചുമില്ല. ജാമ്യകാലാവധി നാളെ അവസാനിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് വിധി വന്നത്. കേസിൽ കുറ്റവിമുക്തയാക്കപ്പെട്ടതോടെ ജയലളിത മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള സാഹചര്യമൊരുങ്ങി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :