ചെന്നൈ|
jibin|
Last Updated:
തിങ്കള്‍, 21 ഓഗസ്റ്റ് 2017 (20:07 IST)
ജയലളിതയുടെ മരണത്തോടെയാണ് അണ്ണാ ഡിഎംകെയില്‍ പടലപ്പിണക്കങ്ങള്‍ ആരംഭിച്ചത്. വികെ ശശികല പാര്‍ട്ടിയെ പിടിച്ചടക്കുന്ന സാഹചര്യം വന്നതോടെ ഒ പനീർസെൽവം പുതിയ കളികള്‍ക്ക് തുടക്കമിട്ടെങ്കിലും പ്രതീക്ഷകള്‍ കാറ്റില്‍ പറത്തിക്കൊണ്ട് ഒപിഎസിന്റെ കളികള്‍ പാതിവഴിയില്‍ അവസാനിച്ചു. ജയയുടെ വിശ്വസ്‌തന്‍ വീണിടത്തുനിന്നും
കരുത്ത് തെളിയിച്ച് എടപ്പാടി കെ പളനിസ്വാമി മുഖ്യമന്ത്രിയായി പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതോടെ പാര്‍ട്ടി പിളര്‍ന്നു.
പളനിസ്വാമി തലൈവ ആയെങ്കിലും പാര്‍ട്ടിയില്‍ ആശങ്കകള്‍ക്ക് പഞ്ഞമില്ലായിരുന്നു. ഒപിഎസ് ആണോ ഇപിഎസ് ആണോ അമ്മയ്‌ക്ക് പിന്നാലെ വരേണ്ടതെന്ന സന്ദേഹം ജനങ്ങള്‍ക്കിടെയില്‍ ശക്തമായി. അധികാര വടംവലിയില്‍ പാര്‍ട്ടി ചിഹ്‌നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കുക കൂടി ചെയ്‌തതോടെ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. അതിനിടെ അപ്രതീഷിതമായി പാര്‍ട്ടി പിടിച്ചടക്കുമെന്ന് കരുതിയിരുന്ന വികെ ശശികല അഴിക്കുള്ളിലായതോടെയാണ് ജനഹിതമനുസരിച്ച് നീങ്ങാന്‍ ഇരുപക്ഷത്തെയും പ്രേരിപ്പിച്ചത്.
പാർട്ടിയെ പിളർത്താൻ ആർക്കും കഴിയില്ലെന്ന് ലയനം പ്രഖ്യാപിച്ചുകൊണ്ട് പനീർശെൽവം വ്യക്തമാക്കിയത് ജനങ്ങളെ ആവേശം കൊള്ളിക്കുമെങ്കിലും വരാനിരിക്കുന്നതോ നടക്കാന്‍ സാധ്യതയുള്ളതോ ആയ ഒരു ‘രാഷ്‌ട്രീയ ചൂതാട്ട’ത്തെ എല്ലാവരും ഭയക്കുന്നു. ആറു മാസത്തിലധികം വിഘടിച്ചു നിന്നശേഷം ഒരു കുടക്കിഴില്‍ എത്തിയെങ്കിലും ഒപിഎസിനൊപ്പം ഇപിഎസ് തലപുകഞ്ഞ് ചിന്തിക്കുന്ന ഒരു കാര്യമുണ്ട് ശശികലയേയും പാർട്ടി ഡപ്യൂട്ടി ജനറൽ സെക്രട്ടറി ടിടിവി ദിനകരനെയും എങ്ങനെ ഒതുക്കാം എന്നത്.
അണ്ണാ ഡിഎംകെ 100 വർഷം നിലനിൽക്കുമെന്ന ജയലളിതയുടെ വാക്കുകള്‍ പ്രാവര്‍ത്തികമാകണമെങ്കില്‍ ഒപിഎസും ഇപിസും കണ്ണും കാതും തുറന്നുവെച്ചിരിക്കണം. 19 എംഎൽഎമാര്‍ തനിക്കൊപ്പമുണ്ടെന്ന ദിനകരന്റെ വാക്കുകള്‍ ചാട്ടുളിയാണ്. 234 അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയില്‍ കേവലഭൂരിപക്ഷത്തിനു വേണ്ടത് 117 പേരുടെ പിന്തുണയാണ്. സ്പീക്കർ ഉൾപ്പെടെ അണ്ണാഡിഎംകെയ്ക്കുള്ളത് 135 അംഗങ്ങളാണ്. ഈ സാഹചര്യത്തില്‍ അണിയറക്കളികള്‍ നടത്തുന്നതില്‍ കേമനായ ദിനകരന്‍ തന്റെ പണപ്പെട്ടിയുമായി രംഗത്തിറങ്ങിയാല്‍ ഭരണം ആടിയുലയും.
ജയിലിനുള്ളില്‍ പോലും രാജകീയ ജീവിതം നയിക്കുന്ന ശശികല എന്ന ചിന്നമ്മയ്‌ക്കുള്ള ബന്ധങ്ങള്‍ ഭയക്കേണ്ടതാണ്.
പനീര്‍ശെല്‍വത്തെ ജയലളിതയുടെ വിശ്വസ്ഥനാക്കി മാറ്റുന്നതില്‍ ശശികലയുടെ പങ്ക് അളവറ്റതാണ്. ജയലളിതയുടെ മരണശേഷം തന്റെയും പാര്‍ട്ടിയുടെയും മുഖ്യ ശത്രുവായി ഒപിഎസ് കണ്ടത് ശശികലയെ ആയിരുന്നുവെന്നതാണ് ശ്രദ്ധേയം. ലയനം കഴിഞ്ഞെങ്കിലും മന്നാർഗുഡി മാഫിയ പുറത്തുള്ളത് പാർട്ടി നേതൃത്വത്തെയും അതിലുപരി പനീര്‍ശെല്‍വത്തെയും അദ്ദേഹത്തിനൊപ്പമുള്ളവരെയും ആശങ്കപ്പെടുത്തും.
ഈ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ മന്നാർഗുഡി മാഫിയേയും ദിനകരനെയും പൂട്ടുക എന്ന തന്ത്രമായിരിക്കും പളനിസ്വാമിക്കും പനീര്‍ശെല്‍വത്തിനുമുണ്ടാകുക. തെരഞ്ഞെടുപ്പ് കമ്മിഷനെ കൈക്കൂലി കൊടുത്തു സ്വാധീനിക്കാൻ ശ്രമിച്ച ദിനകരനെ സമ്മര്‍ദ്ദത്തിലാക്കാന്‍ പളനിസ്വാമിക്ക് സാധിച്ചിട്ടുണ്ട്. പലവിധ കേസുകളും ക്രൈംബ്രാഞ്ച് അന്വേഷണവും നടത്തി രാഷ്‌ട്രീയ ഇടപെടലുകള്‍ നടത്താനുള്ള ദിനകരന്റെ ശക്തി കുറയ്‌ക്കാനും സര്‍ക്കാരിനായി. എന്നാല്‍, പാര്‍ട്ടിയുടെയും നേതാക്കളുടെയും രഹസ്യങ്ങളുടെ ചുരുള്‍ കൈയിലുള്ള ശശികലയെ എങ്ങനെ നിശബ്ദമാക്കാം എന്നാകും ഒപിഎസും
ഇപിഎസും ആലോചിക്കുക. അല്ലാത്ത പക്ഷം പാര്‍ട്ടിയില്‍ മറ്റൊരു പൊട്ടിത്തെറിക്കാകും കളമൊരുങ്ങുക.