ന്യൂഡൽഹി|
jibin|
Last Updated:
വ്യാഴം, 26 ഒക്‌ടോബര്‍ 2017 (18:36 IST)
താജ്മഹൽ സന്ദർശിച്ച് മടങ്ങിയ സ്വിറ്റ്സർലാൻഡ് സ്വദേശികളെ ഒരുകൂട്ടമാളുകള്‍ ആക്രമിച്ച സംഭവത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയും വിവാദനായകനുമായ യോഗി ആദിത്യനാഥിനോട് വിശദീകരണം ആവശ്യപ്പെട്ടു.
സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഞായറാഴ്‌ച താജ്മഹലും ഫത്തേപൂർ സിക്രിയും കണ്ടശേഷം മടങ്ങിയ സ്വിസ് സ്വദേശികളായ ക്വെന്റിൻ ജെർമി ക്ലെർക്ക് (24) സുഹൃത്തായ മാരി ഡ്രോക്സ്(24) എന്നിവരെ ഒരു സംഘമാളുകള്‍ പിന്തുടര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തിലാണ് റിപ്പോർട്ട് നൽകാൻ സുഷമാ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, അക്രമികളില്‍ ഒരാളെ പിടികൂടിയതായിട്ടും റിപ്പോര്‍ട്ടുണ്ട്.
സ്വീസ് സ്വദേശികളെ ഒരുമണിക്കൂറുകളോളം പിന്തുടർന്ന നാലംഗ സംഘം ഇവരോട് അശ്ലീലം പറയുകയും ആളൊഴിഞ്ഞ പ്രദേശത്ത് എത്തിയപ്പോള്‍ തടഞ്ഞു നിർത്തി മര്‍ദ്ദിക്കുകയുമായിരുന്നു. മാരകമായി മുറിവേറ്റ ഇരുവരും ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്.
വടികൊണ്ടുള്ള അടിയേറ്റ് തറയില്‍ വീണ ജെർമിയുടെ കേൾവിശക്തിക്ക് ഗുരുതരമായ തകരാറ് സംഭവിച്ചു. ഇയാളുടെ തലയോട്ടിക്ക് ക്ഷതമുണ്ടെന്നും ഉള്ളില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും ഡോക്‍ടര്‍മാര്‍ അറിയിച്ചു. അതേസമയം, ഞങ്ങള്‍ക്ക് പരാതിയില്ലെന്നും തിരിച്ചു പോകാന്‍ അനുവദിക്കണമെന്നുമാണ് ഇവര്‍ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്.