വ്യാ‌ജരേഖ നൽകി വാഹന രജിസ്‌ട്രേഷൻ; സുരേഷ് ഗോപിയെ ഇന്ന് ചോദ്യം ചെയ്യും

സുരേഷ് ഗോപി ഹാജരാകുമോ?

aparna| Last Modified വ്യാഴം, 21 ഡിസം‌ബര്‍ 2017 (08:10 IST)
വ്യാജരേഖ നൽകി പോണ്ടിച്ചേരിയിൽ വാഹനം രജിസ്ട്രേഷൻ നടത്തിയ കേസിൽ നടനും എം പിയുമായ സുരേഷ് ഗോപിയെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ മൂന്നാഴ്ചത്തേക്ക് താരത്തെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിനായി ഇന്ന് താരം ക്രൈം ബ്രാഞ്ചിനു മുമ്പാകെ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

അന്വേഷണവുമായി സഹകരിക്കണം. കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമെങ്കിൽ ക്രിമിനൽ നടപടിച്ചട്ടത്തിലെ വ്യവസ്ഥപ്രകാരം നോട്ടിസ് നൽകി വിളിച്ചുവരുത്താമെന്നും ആയിരുന്നു കോടതി വ്യക്തമാക്കിയത്. സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യഹർജി കോടതിയുടെ ക്രിസ്മസ് അവധിക്കുശേഷം വീണ്ടും പരിഗണിക്കും.

വാഹന നികുതുവെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ 12നാണ് സുരേഷ് ഗോപി ഹൈക്കോടതിയില്‍ മുന്‍ കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ആഡംബര കാർ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് നികുതിയിനത്തിൽ വൻ തുക വെട്ടിച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.

പുതുച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത സുരേഷ് ഗോപിയോട് രേഖകള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഈ രേഖകള്‍ കൃത്രിമം ആണെന്നാണ് ക്രൈബ്രാഞ്ചിന്റെ കണ്ടെത്തല്‍. നികുതി വെട്ടിപ്പ് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കാറുമായി ബന്ധപ്പെട്ട വിവരങ്ങൾ ബന്ധപ്പെട്ട ഏജൻസിയെ അറിയിക്കാമെന്ന് സുരേഷ് ഗോപി വ്യക്തമാ‍ക്കിയിരുന്നു.

എന്നാൽ ഇത് സംബന്ധിച്ച വിശദീകരണങ്ങളൊന്നും അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് ലഭിക്കാത്തതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. അതേസമയം, നടൻ ഫഹദ് ഫാസിലിനും നടി അമലാ പോളിനും ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാണ് നോട്ടിസ് നൽകിയെങ്കിലും ഇരുവരും ഹാജരായിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :