ന്യൂഡൽഹി|
jibin|
Last Modified തിങ്കള്‍, 16 ഒക്ടോബര്‍ 2017 (20:41 IST)
കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ
സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയ ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ മുറി തുറക്കാൻ നടപടി. അന്വഷണത്തിന്റെ ഭാഗമായി പൊലീസ് സീല്‍ ചെയ്ത ഹോട്ടല്‍ ലീല പാലസിലെ റൂം നമ്പര്‍ 345 മൂന്ന് വര്‍ഷത്തിന് ശേമാണ് വിട്ടുനല്‍കുന്നത്.
മുറിയുടെ അവകാശം ഹോട്ടലിനു വിട്ടു നല്‍കുകയാണെന്ന് മെട്രോപൊലീറ്റൻ മജിസ്ട്രേറ്റ് ധർമേന്ദർ സിംഗ് ഉത്തരവിട്ടു.
2014 ജനുവരി പതിനേഴിനാണ് സുനന്ദ പുഷ്കറിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി 2014 ജനുവരി 17നാണ് മുറി പൊലീസ് സീല്‍ ചെയ്തത്. മുറി വര്‍ഷങ്ങളായി പൂട്ടിയിട്ടിരിക്കുന്നത് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹോട്ടൽ അധികൃതർ കോടതി സമീപിച്ചത്.
ഹോട്ടൽ അധികൃതരുടെ ആവശ്യം പരിഗണിച്ച കോടതി മുറിയുടെ നിയന്ത്രണം ഹോട്ടലിനു നല്കാൻ വിധിച്ചെങ്കിലും ഫോറൻസിക് പരിശോധനാ ഫലം പുറത്തുവന്നിട്ടില്ലെന്നു ഡൽഹി പൊലീസ് കോടതിയെ അറിയിച്ചു. എന്നാല്‍, ആറ് ദിവസത്തിനുള്ളിൽ ഹോട്ടൽ മുറി തുറക്കാനുള്ള നടപടി സ്വീകരിക്കാൻ കോടതി നിർദേശം നല്‍കുകയായിരുന്നു.
ഒരു രാത്രിക്ക് 55000 മുതല്‍ 61000 വരെ ലഭിക്കുന്ന സ്യൂട്ട് റൂമാണ് കേസ് സംബന്ധമായ ആവശ്യത്തിനായി അടച്ചിട്ടത്.