സുമീഷ്|
Last Modified ശനി, 10 മാര്‍ച്ച് 2018 (13:46 IST)
മക്കൾ നീതി മയ്യത്തിന് ജനപിന്തുണ തേടി കമൽ ഹാസന്റെ രാഷ്ട്രീയപര്യടനം നാളെ ഈറോഡില്‍ നിന്നും ആരംഭിക്കും. പാർട്ടി പ്രഖ്യാപനത്തിന് ശേഷം വേണ്ടത്ര ജനപിന്തുണ താരത്തിന് ലഭിച്ചില്ലെന്ന വിമർശനങ്ങൾ പലകോണുകളിൽ നിന്നും ഉയർന്നിരുന്നു. ഇത്തരം വിമർശനങ്ങളെ മുഖവിലക്കെടുത്താണ് പാർട്ടിയെ ജനങ്ങളിലേക്ക് നേരിട്ടു പരിചയപ്പെടുത്തുന്ന പ്രചരണവുമായി കമൽ രംഗത്തെത്തുന്നത്. ജില്ലയില്‍ 13 ഇടങ്ങളിൽ ജനങ്ങളെ നേരിട്ട് കാണാനാണ് കമല്‍ ഹാസൻ പര്യടനത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
രജനികാന്തിന്റെ രാഷ്ട്രീയ പ്രസംഗമാണ് കമലിന് വിനയായത്. എം ജി ആറിന്റെ പിന്മുറക്കാരനായി, തമിഴ്‌നാടിന്റെ തലവനായി താന്‍ വരുന്നുവെന്ന രജനീകാന്തിന്റെ പ്രസംഗത്തിന് മുൻപ് കമലിന് വലിയ ആരാധക പിന്തുണ ലഭിച്ചിരുന്നു. എന്നാൽ മധുരയിൽ വച്ചു നടന്ന കമലിന്റെ രാഷ്ട്രീയ പ്രഖ്യാപന സമ്മേളനം പ്രമുഖരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായിരുന്നെങ്കിലും ജന പിന്തുണ താരതമ്യേന കുറവായിരുന്നു എന്നത് തമിഴ് രാഷ്ട്രീയം വലിയ രീതിയിൽ ചർച്ചചെയ്തിരുന്നു. കഴിഞ്ഞ വനിതാ ദിനത്തിൽ ചേർന്ന പാർട്ടി യോഗത്തിൽ കസേരകൾ ഒഴിഞ്ഞ് കിടന്നതും ചർച്ചയായി.
ഈ സാഹചര്യത്തിൽ പാർട്ടിക്ക് കൂടുതൽ ജനപിന്തുണ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമൽ രാഷ്ട്രീയ പര്യടനത്തിനൊരുങ്ങുന്നത്. പെരിയാറിന്റെ പ്രതിമ പൊളിക്കൽ വിവാദത്തിൽ പെട്ടന്ന് പ്രതികരിച്ച കമൽ നിലപാട് ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് വേഗത്തിൽ കടന്നുചെല്ലാനുള്ള മാർഗ്ഗമായും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കട്ടുന്നു.