കൊൽക്കത്തയിലെ ബലാത്സംഗ കൊലപതാകം ഒറ്റപ്പെട്ട സംഭവമെന്ന് ഗാംഗുലി, രൂക്ഷവിമർശനത്തിന് പിന്നാലെ എക്സിൽ നിലപാട് മാറ്റി

Ganguly, DC
Ganguly, DC
അഭിറാം മനോഹർ| Last Modified ചൊവ്വ, 20 ഓഗസ്റ്റ് 2024 (11:32 IST)
കൊല്‍ക്കത്തയിലെ ആര്‍ജി കര്‍- മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം ഒറ്റപ്പെട്ട സംഭവമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായ സൗരവ് ഗാംഗുലി. പരാമര്‍ശത്തിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഗാംഗുലിക്കെതിരെ ഉയര്‍ന്നത്. വിമര്‍ശനം ശക്തമായതോടെ സമൂഹമാധ്യമായ എക്‌സില്‍ തന്റെ പ്രൊഫൈല്‍ ചിത്രം കറുപ്പാക്കി ഇരയോടും കുടുംബത്തിനോടും ഐക്യദാര്‍ഡ്യം അറിയിച്ചെങ്കിലും ഇതില്‍ ആരാധകര്‍ തൃപ്തരല്ല.

സംഭവത്തെ പറ്റി താന്‍ കഴിഞ്ഞ ആഴ്ച നടത്തിയ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും സാഹചര്യത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയതാണെന്നും നടന്നത് ദാരുണമായ സംഭവം തന്നെയാണെന്നും ഗാംഗുലി ഇന്നലെ പ്രതികരിച്ചു. സിബിഐ അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പറയാനില്ലെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കണമെന്നും ഗാംഗുലി പറഞ്ഞു.

ഇതിന് പിന്നാലെയാണ് എക്‌സില്‍ തന്റെ പ്രൊഫൈല്‍ ചിത്രം കറുപ്പാക്കികൊണ്ട് ഗാംഗുലി പ്രതിഷേധം അറിയിച്ചത്. എന്നാല്‍ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ ഒതുക്കുന്നതില്‍ കാര്യമില്ലെന്നും ഗാംഗുലിയെ പോലെ ജനങ്ങള്‍ നോക്കികാണുന്ന ഒരാള്‍ ഈ വിഷയത്തില്‍ ശക്തമായ നടപടി ആവശ്യപ്പെടണമെന്നും ആരാധകര്‍ പറയുന്നു. ഈ മാസം 9നാണ് കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ 31കാരിയായ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.

ഡ്യൂട്ടി സമയത്തായിരുന്നു കൊലപാതകം. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ വനിതാ ഡോക്ടര്‍ ലൈംഗികമായി ക്രൂരമായ പീഡനം ഏറ്റുവാങ്ങിയതായി വ്യക്തമായിരുന്നു. ഒരു പ്രതിയെ കേസില്‍ അറസ്റ്റ് ചെയ്‌തെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ഡോക്ടര്‍മാര്‍ ശക്തമായ പ്രതിഷേധമാണ് നടത്തിയത്. തുടര്‍ന്ന് കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശപ്രകാരം കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :