കൊല്ലം|
VISHNU.NL|
Last Modified തിങ്കള്‍, 18 ഓഗസ്റ്റ് 2014 (11:58 IST)
ലഹരിയില്‍ മയങ്ങുന്ന കേരള യുവത്വത്തിന്റെ പ്രതീകമായി ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കൊല്ലത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കൂടുതല്‍ നേരം നിലനില്‍ക്കുന്ന ലഹരിക്കായി വിഷപ്പാമ്പിനെ നാക്കിനടിയില്‍ കൊത്തിക്കുന്ന യുവാവിനെ കൊല്ലത്ത് നിന്ന് എക്‌സൈസ് ഷാഡോ സംഘം അറസ്റ്റ് ചെയ്തു. പത്തൊമ്പത് വയസ് മാത്രം പ്രായമുള്ള ഇയാള്‍ കഞ്ചാവ് ഉപയോഗിച്ച് ലഹരി മതിയാകാതെ വന്നതിനാലാണ് വിഷപ്പാമ്പിനെ ഉപയോഗിച്ചിരുന്നത്.
കേരളപുരം വയലിത്തറ പാലവിള ന്യൂ മന്‍സിലില്‍ മാഹിന്‍ഷായാണ് സൈസ് സംഘത്തിന്റെ പിടിയിലായത്.
50 പൊതി കഞ്ചാവും ഇയാളില്‍നിന്ന് കണടെടുത്തിട്ടുണ്ട്. പിടിക്കപ്പെടുന്നതിന് മുമ്പ് ഇയാള്‍ നാലുതവണ പാമ്പിനേക്കൊണ്ട് കടിപ്പിച്ച് ലഹരി നുണഞ്ഞിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയത് കേട്ട് എക്സൈസ് സംഘം അമ്പരന്ന് പോയി.
ഇയാളെ പരിശോധിച്ച ജില്ലാ ആശുപത്രിയില്‍ നിന്ന് ഇയാളുടെശരീരത്തില്‍ പാമ്പിന്‍ വിഷം ഉണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് എക്‌സൈസ് ഷാഡോ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്ന മാഹിന്‍ ഷായെ അബോധാവസ്ഥയിലായ നിലയില്‍ കേരളപുരത്ത് എടിഎം കൗണ്ടറിന്റെ മുന്നില്‍നിന്ന് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ബോധം വീണപ്പോള്‍ നല്‍കിയ മൊഴിയില്‍ നിന്നാണ് ഞെട്ടീപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. പാമ്പിനെക്കൊണ്ട് കൊത്തിക്കാറുണ്ടെന്നും അതിന്റെ ലഹരിയിലാണ് ബോധം പോയതെന്നും ഇയാള്‍ പറഞ്ഞത്.
'സ്‌നേക്ക് ചെയ്തു' എന്നാണ് ലഹരി ഉപയോഗത്തിന്റെ പേര്. കൊച്ചി ഇരുമ്പനത്തുള്ള ടോണി മുഖേനയാണ് പാമ്പ് പ്രയോഗം. ഓരോ കൊത്തിനും 1,000 രൂപയാണ് ചാര്‍ജ്.
സോഷ്യല്‍ മീഡിയ വഴിയാണ് ഇയാള്‍ പാമ്പ് പ്രയോഗത്തേപ്പറ്റി മനസിലാക്കിയത്. കഞ്ചാവ് പ്രയോഗിച്ച മടുത്തതിനാലാണ് ഇത് പരീക്ഷിച്ചത്. പാമ്പിന്റെ കടിയേറ്റാല്‍ രണ്ട് മിനിട്ടുനേരം മരണവെപ്രാളമായിരിക്കും. നാലുദിവസം വരെ ബോധമുണ്ടാകില്ല. വിഷത്തിന്റെ തീവ്രതയില്‍ ഈ ദിവസം എന്ത് നടന്നെന്നും ഓര്‍മ്മയുണ്ടാകില്ല. നാലുദിവസം കഴിഞ്ഞ് ഉണരുമ്പോള്‍ പുനര്‍ജന്മമാണെന്ന് തോന്നുമത്രെ.
ടോണിയുമായി ഫേസ്ബുക്ക് വഴി ബന്ധപ്പെടണം. തുടര്‍ന്ന് നിശ്ചയിക്കുന്ന സ്ഥലത്ത് ഇയാള്‍ എത്തും. ഇയാളുടെ കൈവശം കൈവശം 100 മില്ലി വലിപ്പമുള്ള ചില്ലുകുപ്പിയുണ്ടാകും. ഇതിന്റെ അടപ്പിനുപകരം വല(നെറ്റ്) കെട്ടിയിരിക്കും. കുപ്പിയിലുള്ള ചെറിയ പാമ്പിനെ കൊത്തിക്കാന്‍ നെറ്റിന്റെ കെട്ടഴിച്ച് നാക്കിന്റെ അടിയിലേക്ക് കയറ്റും. പാമ്പിനെ ചെറുതായി അമര്‍ത്തുമ്പോള്‍ അത് കടിക്കും. ഇതോടെ സ്‌നേക്ക് ചെയ്യല്‍ പൂര്‍ത്തിയാകും. ലഹരി റെഡി. ഏറ്റവും ഒടുവില്‍ കോവളത്ത് എത്തിയാണ് പാമ്പിനെക്കൊണ്ട് കൊത്തിച്ചത് എന്നും മാഹിന്‍ മൊഴി നല്‍കിയിട്ടുണ്ട്.
മൊഴിയുടെ അടിസ്ഥാനത്തില്‍ ടോണിയെ കണ്ടെത്താനായി എക്സൈസ് സംഘം ശ്രമം തുടങ്ങിയിട്ടുണ്ട്. കൊല്ലത്തെ ചില സ്ഥാപനങ്ങളില്‍ കഞ്ചാവിന്റെ ചിത്രമുള്ള ബനിയന്‍ രഹസ്യമായി വില്‍ക്കുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു. ഇവര്‍ക്കെതിരെയും നടപടി തുടങ്ങി. പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ശ്യാംകുമാര്‍, ബി.അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍ ആന്റണി, കെ.അനില്‍കുമാര്‍, മനോജ്‌ലാല്‍, അശ്വന്ത് സുന്ദരം, ശ്രീജയന്‍, അജികുമാര്‍ എന്നിവരായിരുന്നു അന്വേഷണസംഘത്തില്‍.