ബംഗളൂരു|
Last Modified ശനി, 4 ഫെബ്രുവരി 2017 (15:07 IST)
കോണ്‍ഗ്രസില്‍ നിന്നു കഴിഞ്ഞമാസം രാജിവെച്ച മുന്‍ കേന്ദ്രമന്ത്രി എസ് എം കൃഷ്‌ണ ബി ജെ പിയിലേക്ക്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയാണ് ഇക്കാര്യം അറിയിച്ചത്. കൃഷ്‌ണ ബി ജെ പിയിലേക്ക് വരുന്നുവെന്നത് നൂറു ശതമാനം സത്യമാണെന്നും യെദ്യൂരപ്പ വ്യക്തമാക്കി,
“എസ് എം കൃഷ്‌ണ ബി ജെ പിയില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുന്നു. സമയം തീരുമാനിച്ചിട്ടില്ല. ബി ജെ പിയിലേക്ക് വരുന്നുവെന്നത് നൂറു ശതമാനം സത്യമാണ്” - യെദ്യൂരപ്പ പറഞ്ഞു. കോണ്‍ഗ്രസില്‍ കൃഷ്‌ണ രാജി വെച്ചപ്പോള്‍ ഇനി രാഷ്‌ട്രീയത്തില്‍ സജീവമാകില്ലെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
കോണ്‍ഗ്രസില്‍ നിന്ന് രാജി പ്രഖ്യാപിച്ച സമയത്ത് ജനങ്ങളുമായി ബന്ധമുള്ള നേതാക്കള്‍ ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് വിഷമസന്ധിയിലാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കോണ്‍ഗ്രസിന് ജനപിന്തുണയുള്ള നേതാക്കളെയല്ല മാനേജര്‍മാരെയാണ് ആവശ്യം എന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.