ന്യൂഡൽഹി|
jibin|
Last Updated:
വ്യാഴം, 25 ജനുവരി 2018 (11:21 IST)
തന്നെ കോണ്‍ഗ്രസ് അനുകൂലിയെന്ന് വിശേഷിപ്പിച്ചാൽ എതിർക്കുന്നവരെ ബിജെപി അനുകൂലികളെന്ന പ്രത്യാരോപണം നടത്താൻ തനിക്കും സാധിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. താൻ കോൺഗ്രസ് അനുകൂലിയോ, ബിജെപി അനുകൂലിയോ അല്ല. ഇന്ത്യക്കും ഇന്ത്യക്കാർക്കും വേണ്ടി വാദിക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു.
സാഹചര്യം വിലയിരുത്തി മാറാൻ സാധിക്കാത്തവർ മാർക്‍സിസ്‌റ്റ് അല്ല. പിബി ആവശ്യപ്പെട്ടതു കൊണ്ടുമാത്രമാണ് താൻ ജനറൽ സെക്രട്ടറി സ്ഥാനത്തു തുടരുന്നത്. പാർട്ടി കോൺഗ്രസ് തീരുമാനിക്കുന്നതുവരെ പാർട്ടിയിൽ ഒന്നും അന്തിമമല്ലെന്നും ഒരു ദേശീയ ദിനപത്രത്തിനു നൽകിയ അഭിമുഖത്തില്‍ യെച്ചൂരി പറഞ്ഞു.
മുന്നോട്ടുവയ്ക്കുന്ന തീരുമാനം പാർട്ടിയിലെ ഭൂരിപക്ഷം പേരും അംഗീകരിച്ചില്ലെങ്കിൽ രാജിസന്നദ്ധത അറിയിക്കുന്നത് സ്വാഭാവികം മാത്രമാണ്. അതുമാത്രമെ താനും ചെയ്‌തത്. പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ചെങ്കിലും പിബി ഒറ്റക്കെട്ടായി തന്നോട് തുടരാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ ഭിന്നിപ്പ് ആണെന്ന പ്രതീതി ഉണ്ടാകും. ത്രിപുര തെരെഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സാഹചര്യങ്ങള്‍ താന്‍ മനസിലാക്കി. ഇതിനാലാണ് പിബിയുടെ ആവശ്യം അംഗീകരിച്ചതെന്നും സിപിഎം ജനറൽ സെക്രട്ടറി വ്യക്തമാക്കി.
ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്ക്കാൻ സന്നദ്ധനാണെന്ന് പിബിയിൽ യച്ചൂരി പറഞ്ഞിട്ടില്ലെന്നാണ് കാരാട്ട് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ കാരാട്ട് പറയുന്നത് തെറ്റാണെന്നും പത്രസമ്മേളനത്തിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും യച്ചൂരി പറയുന്നു.