മുംബൈ|
JOYS JOY|
Last Modified വ്യാഴം, 14 ഏപ്രില്‍ 2016 (15:10 IST)
ആവശ്യപ്പെട്ട സീറ്റ് നല്കാതിരുന്നതിനെ തുടര്‍ന്ന്
ശിവസേന എം എല്‍ എ ട്രയിന്‍ പിടിച്ചിട്ടത് ഒരു മണിക്കൂര്‍. 2000ത്തിലധികം യാത്രക്കാര്‍ ഉണ്ടായിരുന്ന ദേവ്‌ഗിരി എക്‌സ്‌പ്രസ് ആണ് എം എല്‍ എയുടെ പിടിവാശി കാരണം പിടിച്ചിടേണ്ടി വന്നത്. സൈഡ് സീറ്റ് ലഭിച്ചതില്‍ തൃപ്‌തനാകാത്തതിനെ തുടര്‍ന്നാണ് എം എല്‍ എ ആയ ഹേമന്ത് പാട്ടീല്‍ ചങ്ങല വലിച്ച് ട്രയിന്‍ നിര്‍ത്തിയത്.
ദേവ്‌ഗിരി എക്സ്‌പ്രസില്‍ സെക്കന്‍ഡ് എ സിയില്‍ യാത്ര ചെയ്യേണ്ടിയിരുന്ന ഹേമന്ത് പാട്ടീലിനും സഹായിക്കും സൈഡ് സീറ്റുകള്‍ ആയിരുന്നു ലഭിച്ചത്. ഇതില്‍ കുപിതനായ എം എല്‍ എ ചങ്ങല വലിച്ച് ട്രയിന്‍ നിര്‍ത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് രാത്രി 09.10ന് സി എസ് ടിയില്‍ (ഛത്രപതി ശിവാജി ടെര്‍മിനല്‍)
നിന്ന് പുറപ്പെടേണ്ട ട്രയിന്‍ 09.57നാണ് പുറപ്പെട്ടത്. എന്നാല്‍, മസ്‌ജിദ് സ്റ്റേഷനിലും ട്രയിന്‍ കുറച്ചുസമയം നിര്‍ത്തിയിട്ടതിനു ശേഷം രാത്രി 10.06 ഓടെ പുറപ്പെട്ടു. എന്നാല്‍, അപ്പോഴും എം എല്‍ എയുടെ പ്രശ്നം പരിഹരിക്കപ്പെട്ടിരുന്നില്ല.
എം എല്‍ എയുടെ പ്രശ്നത്തെ തുടര്‍ന്ന് സി എസ് ടിയില്‍ നിന്ന് പുറപ്പെടേണ്ട മറ്റു രണ്ടു ട്രയിനുകളും വൈകി. സി എസ് ടി - മാംഗ്‌ളൂര്‍ എക്സ്പ്രസ്, സിദ്ദേശ്വര്‍ എക്സ്പ്രസ് എന്നീ ട്രയിനുകള്‍ 15 മിനിറ്റ് വൈകിയാണ് ഓടിയത്.