മലയാളികളുൾപ്പെടെ 22 ഇന്ത്യാക്കാരുമായി കാണാതായ കപ്പൽ കണ്ടെത്താൻ ശ്രമം തുടരുന്നു: സുഷമ സ്വരാജ്

കപ്പൽ കണ്ടെത്തുമെന്ന് സുഷമ സ്വരാജ്

aparna| Last Modified തിങ്കള്‍, 5 ഫെബ്രുവരി 2018 (10:31 IST)
രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരുമായി കാണാതായ കപ്പൽ കണ്ടെത്താൻ ശ്രമം തുടരുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. എംടി മറീന എക്സ്പ്രസ് എന്ന എണ്ണകപ്പലാണ് കാണാതായത്. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ സംവിധാനം പ്രവര്‍ത്തനം തുടങ്ങിയെന്നും മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

ജനുവരി 31നു വൈകിട്ട് ആറരയോടെയാണു കപ്പൽ കാണാതായത്. ഉദുമ പെരിലാവളപ്പ് അശോകന്റെ മകൻ ശ്രീഉണ്ണിയും മുംബൈ മലയാളിയുമടക്കം 22 യാത്രക്കാരാണു കപ്പലിലുള്ളത്. ആഫ്രിക്കൻ രാജ്യമായ ബെനീനിലെ കൊട്ടോനൗവിൽ വച്ചാണ് അവസാനമായി കപ്പലിന്റെ സിഗ്നൽ ലഭിച്ചത്.

കപ്പലുമായി ആശയവിനിമയം ഇല്ലാതായതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇന്ത്യൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിന്റെയും ഷിപ്പിങ് മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ കപ്പലിനു വേണ്ടിയുള്ള അന്വേഷണം ശക്തമാക്കി. ബെനീനിലെയും നൈജീരിയയിലെയും സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്.

52.65 കോടി രൂപ വിലമതിക്കുന്ന 13,500 ടൺ ഇന്ധനമാണു കപ്പലിലുള്ളത്. ഇതു തട്ടിയെടുക്കാനുള്ള ശ്രമമായിരിക്കാം കപ്പൽ കാണാതായതിനു പിന്നിലെന്നാണ് അനുമാനം. നൈജീരിയൻ നേവിയും കോസ്റ്റ് ഗാർഡും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :