രേണുക വേണു|
Last Modified വ്യാഴം, 13 മാര്‍ച്ച് 2025 (09:23 IST)
മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. പ്രമുഖ ഗാന്ധിയനും പൊതുപ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധി ഗാന്ധിമിത്ര മണ്ഡലം സ്ഥാപകനും ഗാന്ധിയനുമായ പി.ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിനു എത്തിയതാണ്. ബിജെപി കൗണ്‍സിലര്‍ മഹേഷിന്റെ നേതൃത്വത്തിലാണ് തുഷാര്‍ ഗാന്ധിയെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയത്.
ആര്‍എസ്എസിനെതിരെ തുഷാര്‍ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസ്താവനയാണ് പ്രകോപനത്തിനു കാരണം. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ്-ബിജെപി അക്രമികള്‍ വഴി തടഞ്ഞ് മുദ്രാവാക്യവും വിളിക്കുകയായിരുന്നു. 'ആര്‍എസ്എസ് മൂര്‍ദാബാദ്' എന്നും 'ഗാന്ധിജി സിന്ദാബാദ്' എന്നും മുദ്രാവാക്യം മുഴക്കിയാണ് തുഷാര്‍ ആര്‍എസ്എസ് അക്രമികളെ നേരിട്ടത്. പിന്നീട് പ്രതിഷേധക്കാരെ വകവയ്ക്കാതെ അദ്ദേഹം കാറില്‍ കയറി പോകുകയും ചെയ്തു. കാറിന് മുന്നില്‍ നിന്നടക്കം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.
ഇന്ത്യയുടെ ആത്മാവിനു ക്യാന്‍സര്‍ ബാധിച്ചിരിക്കുകയാണെന്നും സംഘപരിവാര്‍ ആണ് അത് പരത്തുന്നതെന്നും തുഷാര്‍ പ്രസംഗിച്ചിരുന്നു. ഇതാണ് ആര്‍എസ്എസ്-ബിജെപി പ്രതിഷേധത്തിനു കാരണം. പ്രസ്താവന പിന്‍വലിക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടെങ്കിലും തുഷാര്‍ അതിനു തയ്യാറല്ല. തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.