അഭിറാം മനോഹർ|
Last Modified വ്യാഴം, 2 ഏപ്രില്‍ 2020 (15:47 IST)
രാജ്യത്ത്
കൊറോണ വൈറസ് വ്യാപനത്തിന്റെ ഹോട്ട് സ്‌പോട്ടുകള്‍ എന്ന് സർക്കാർ കണക്കാക്കുന്ന എല്ലാ പ്രദേശങ്ങളിലേയും ജനങ്ങളെ റാപ്പിഡ് ടെസ്റ്റിന് വിധേയമാക്കണമെന്ന് നിർദേശം.ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചാണ്(ഐസിഎംആര്‍) ഇത്തരമൊരു നിര്‍ദേശം കേന്ദ്രത്തിന് നൽകിയിട്ടുള്ളത്. വ്യാഴാഴ്ച്ച വൈകീട്ടോടെ കേന്ദ്രം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
ഡല്‍ഹിയിലെ നിസാമുദ്ദീന്‍, ലഡാക്ക്, പഞ്ചാബിലെ എസ്ബിഎസ് നഗര്‍, മുംബൈ, പൂണെ, പത്തനംതിട്ട, കാസര്‍കോട് തുടങ്ങി പത്തൊൻപതോളം പ്രദേശങ്ങളാണ് നിലവിൽ ഹോട്ട്‌സ്പോട്ടുകളായി രാജ്യം കണക്കാക്കുന്നത്.ഇവിടങ്ങളിലെ മുഴുവന്‍ പേര്‍ക്കും അതിവേഗത്തിലുള്ള റാപ്പിഡ് ടെസ്റ്റുകള്‍ നടത്താനാണ് ഐസിഎംആറിന്റെ നിര്‍ദേശം. ഫാസ്റ്റ് ട്രാക്ക് പരിശോധന കിറ്റുകൾ ഉപയോഗിച്ചായിരിക്കും ഇത് നടപ്പിലാക്കുക.രക്തം പരിശോധിക്കുന്നത് പോലെയാണ് റാപ്പിഡ് ആന്റിബോഡി ടെസ്റ്റുകളും നടത്തുന്നത്. 15-30 മിനിറ്റിനുള്ളില്‍ ഫലം ലഭിക്കും.ഈ പരിശോധനയില്‍ ആന്റിബോഡി പോസിറ്റീവായി കണ്ടെത്തുന്നവരെ തൊണ്ടയില്‍നിന്ന് സ്രവം ശേഖരിച്ചുള്ള വിശദമായ കൊറോണ പരിശോധനകള്‍ക്ക് വിധേയമാക്കുകയാണ് ചെയ്യുക.