Last Modified വ്യാഴം, 25 ജൂലൈ 2019 (16:04 IST)
രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ഒരു മാസത്തെ പരോളിൽ ഇന്ന് പുറത്തിറങ്ങി. യുകെയിൽ വൈദ്യപഠനം നടത്തുന്ന മകൾ ഹരിത്രയുടെ വിവാഹം നടത്തുന്നതിനായി സമയം വേണമെന്ന ആവശ്യം പരിഗണിച്ചാണ് ഒരു മാസത്തെ പരോൾ അനുവദിച്ചത്. 28 വർഷത്തിനു ശേഷം ഇത് രണ്ടാമത്തെ പരോളാണ്.ഇതിനു മുമ്പ് നളിനി ഒരു ദിവസം മാത്രമാണ് തടവറയ്ക്ക് പുറത്തിറങ്ങിയിട്ടുള്ളത്. പിതാവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനായിരുന്നു ഇത്.വെല്ലൂരിനു പുറത്തേക്ക് പോകാൻ അനുവാദമില്ല നളിനിക്ക്
ചെന്നൈ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നളിനി ശ്രീധരന് ജൂലൈ അഞ്ചിനാണ് മദ്രാസ് ഹൈക്കോടതി പരോൾ അനുവദിച്ചത്. മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കായി ആറ് മാസത്തേയ്ക്ക് തന്നെ ജയിലില്‍ നിന്ന് വിടണമെന്നാണ് നളിനി ആവശ്യപ്പെട്ടിരുന്നത്. ഇത് കോടതി അംഗീകരിച്ചില്ല. മകളുടെ വിവാഹത്തിനായി പണം കണ്ടെത്തേണ്ടതുണ്ടെന്നും ഇതിന് സമയം വേണമെന്നും നളിനി കോടതിയില്‍ വാദിച്ചു. ചട്ടപ്രകാരം 30 ദിവസത്തിലധികം തുടര്‍ച്ചയായി പരോള്‍ അനുവദിക്കാനാവില്ല എന്ന് കോടതി നളിനിയെ അറിയിച്ചു.
നളിനിയടക്കം നാല് പ്രതികള്‍ക്ക് ടാഡ കോടതി വിധിച്ച വധശിക്ഷ 1999ല്‍ സുപ്രീം കോടതി ശരിവച്ചിരുന്നു. എന്നാല്‍ സ്ത്രീയായതിനാലും ചെറിയ കുട്ടി ഉള്ളതിനാലും നളിനിയുടെ വധശിക്ഷ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് അന്ന് സോണിയ ഗാന്ധി രംഗത്തെത്തിയിരുന്നു. നളിനിക്ക് ശിക്ഷ ഇളവ് ലഭിക്കുകയും ജീവപര്യന്തമാക്കി ശിക്ഷ വെട്ടിക്കുറക്കുകയും ചെയ്തു. ജയിലില്‍ വച്ചാണ് നളിനി മകളെ പ്രസവിച്ചത്.നളിനിയുടെ ഭർത്താവ് മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, രവിചന്ദ്രന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ് എന്നീ പ്രതികള്‍ ഇതേ കേസിൽ ഇപ്പോഴും ജയിൽശിക്ഷ അനുഭവിച്ചു വരികയാണ്.