ചെന്നൈ|
Last Modified വെള്ളി, 5 ജൂലൈ 2019 (18:55 IST)
രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് ഒരു മാസത്തെ പരോള്‍ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനു പരോൾ അനുവദിക്കണമെന്ന നളിനിയുടെ അപേക്ഷ പരിഗണിച്ചു മദ്രാസ് ഹൈക്കോടതിയുടേതാണു തീരുമാനം.
സ്വയം വാദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ എതിര്‍പ്പുകള്‍ മറികടന്ന് കോടതി അനുവദിച്ചതോടെയാണ് മൂന്ന് കൊല്ലത്തിന് ശേഷം നളിനി പുറംലോകം കാണുന്നത്.
ജസ്റ്റിസുമാരായ എം എം സുന്ദരേശ്, എം നിർമൽ കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നളിനിയുടെ ആവശ്യം അംഗീകരിച്ചത്. നളിനിയുടെ ആവശ്യം നിഷേധിക്കാൻ കഴിയില്ലെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
27 വര്‍ഷത്തെ തടവിനിടെ മൂന്നു വര്‍ഷം മുമ്പാണ് നളിനിക്ക് ആദ്യമായി പരോള്‍ ലഭിച്ചത്. അന്ന് അച്ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ 24 മണിക്കൂര്‍ പരോളാണ് അനുവദിച്ചത്.
രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട്
അറസ്‌റ്റിലാകുമ്പോള്‍ നളിനി ഗര്‍ഭിണിയായിരുന്നു. ജയിലിലായിരുന്നു പ്രസവം. മകള്‍
ഹരിത്ര ശ്രീഹരൻ ലണ്ടനില്‍ ഡോക്ടറാണ്. ഹരിത്രയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ആറ് മാസത്തെ പരോളാണ് നളിനി ആവശ്യപ്പെട്ടത്.
1991 മേയ് ഇരുപത്തിയൊന്നിന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ ചാവേര്‍ സ്‌ഫോടനത്തിലൂടെ വധിച്ച കേസിലെ പ്രതിയാണ് നളിനി.
സ്ഫോടനത്തിൽ 16പേർക്ക് ജീവൻ നഷ്ടമായി. 41 പ്രതികളുണ്ടായിരുന്ന കേസിൽ 26 പേർക്കും ടാഡ കോടതി 1998ൽ വധശിക്ഷ വിധിച്ചു. 1999ൽ മുരുഗൻ, ശാന്തൻ, പേരറിവാളൻ, നളിനി എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു.
റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരുടേത് ജീവപര്യന്തമായി കുറച്ചു. മറ്റ് 19 പേരെ വെറുതെവിട്ടു. 2000ത്തിൽ സോണിയാ ഗാന്ധിയുടെ അപേക്ഷ പ്രകാരം നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി. മുരുഗൻ, ശാന്തൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകിയതോടെ സുപ്രീംകോടതി അവരുടെ ശിക്ഷയും ജീവപര്യന്തമാക്കുകയായിരുന്നു.