അഭിറാം മനോഹർ|
Last Modified വെള്ളി, 20 ഡിസംബര്‍ 2019 (14:29 IST)
വിഖ്യാത എഴുത്തുകാരനായ ഖുശ്‌വന്ത് സിംഗിന്റെയും ചേതൻ ഭഗതിന്റെയും പുസ്തകങ്ങൾ അശ്ലീലമാണെന്നും ഇവരുടെ പുസ്തകങ്ങൾ റെയിൽവേ സ്റ്റേഷനുകളിൽ വിൽക്കുന്നത് നിരോധിക്കണമെന്നും പാസഞ്ചർ സർവീസ് കമ്മിറ്റി ചെയർമാനും ബി ജെ പി നേതാവുമായ രമേശ് ചന്ദ്ര രതൻ. ഇവരുടെ പുസ്തകങ്ങൾ കടകളിൽ നിന്നും നീക്കം ചെയ്യാനും രമേശ് ചന്ദ്ര രതൻ നിർദേശിച്ചു. തിരുച്ചി,ശ്രീരംഗം റെയിൽവേ സ്റ്റേഷനുകൾ സന്ദർശിക്കവെയാണ് പി എസ് സി ചെയർമാൻ പുസ്തകങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.
ഖുശ്‌വന്ത് സിംഗിന്റെ വിമെൻ ,സെക്സ് ലവ് ആൻഡ് ലസ്റ്റ്,ചേതൻ ഭഗതിന്റെ ഹാഫ് ഗേൾഫ്രണ്ട് എന്നീ പുസ്തകങ്ങൾക്കാണ് നിലവിൽ വിലക്കേർപ്പെടുത്തിയത്. പുസ്തകത്തിൽ നിറയെ അശ്ലീലം മാത്രമാണുള്ളതെന്നാണ് ബി ജെ പി നേതാവിന്റെ വിശദീകരണം. എന്നാൽ രമേശ് ചന്ദ്ര രതന്റെ നിർദേശത്തിനെതിരെ നിരവധിപേരാണ് രംഗത്തെത്തിയത്.
നിങ്ങൾ ഈ പുസ്തകങ്ങൾ വായിച്ചിട്ടുണ്ടോ എന്നാണ് വായനക്കാരുടെ ചോദ്യം. വിമെൻ ,സെക്സ് ലവ് ആൻഡ് ലസ്റ്റ് എന്നിവ മനോഹരങ്ങളായ പുസ്തകങ്ങളാണെന്നും ഖുശ്‌വന്ത് സിംഗ് പത്മവിഭൂഷൻ നേടിയ ബഹുമാനിക്കപെടുന്ന എഴുത്തുക്കാരനാണെന്നും വായനക്കാർ
രമേശ് ചന്ദ്ര രതനെ ധരിപ്പിച്ചു.
എന്നാൽ ഭോപ്പാൽ സ്റ്റേഷനിൽ ഈ പുസ്തകം ശ്രദ്ധയിൽ പെട്ടെന്നും അവിടെയും പുസ്തകത്തിന്റെ വിൽപ്പന നിരോധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈ പുസ്തകങ്ങൾ മാത്രമല്ല അശ്ലീല ഉള്ളടക്കമുള്ള എല്ലാ പുസ്തകങ്ങളും റെയിൽവേ സ്റ്റേഷനുകളിൽ നിരോധിക്കുമെന്നും ഇത്തരം പുസ്തകവിൽപ്പന ശ്രദ്ധിക്കാൻ റെയിൽവേ ഡിവിഷണൽ മാനേജർമാർക്ക് നിർദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പുസ്തകങ്ങൾക്കുള്ള നിരോധനം നിലനിൽക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം