ന്യൂഡൽഹി|
jibin|
Last Modified വ്യാഴം, 26 ഒക്‌ടോബര്‍ 2017 (15:37 IST)
കോണ്‍ഗ്രസ് കേരളാ ഘടകത്തിലെ ഗ്രൂപ്പ് പോരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധി രംഗത്ത്. ചില വ്യക്തികളുടെ താത്പര്യങ്ങൾക്കു വേണ്ടി മാത്രമാണ് കേരളത്തിലെ ഗ്രൂപ്പ് പോര്. ഗ്രൂപ്പുകളുടെ അപ്രമാദിത്വം അംഗീകരിക്കാനാകില്ല. ഈ നിലപാട് അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച ചർച്ചയ്‌ക്കിടെ രാഹുൽ വ്യക്തമാക്കി.
കേരളത്തിലെ കോണ്‍ഗ്രസിന്റെ ഗ്രൂപ്പുകളുടെ അടിത്തറ ആശയപരമല്ല. ആവശ്യം വരുമ്പോള്‍ ഒരുമിച്ചുനിന്നു മറ്റുള്ളവരെ ഒഴിവാക്കലാണു പ്രബല ഗ്രൂപ്പുകളുടെ രീതി. ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കാനാകില്ല. മൂന്നാം തവണ പുതുക്കി നല്‍കിയ കെപിസിസി പട്ടികയിലും ഗ്രൂപ്പ് അതിപ്രസരമുണ്ടെന്നും രാഹുല്‍ തുറന്നടിച്ചു.
കെപിസിസിയിലേക്കുള്ള 282 അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട ചർച്ചകൾ എങ്ങുമെത്താതെ നീളവേയാണ് രഹുൽ നിലപാട് കടുപ്പിച്ചത്. കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ഗ്രൂപ്പ് പോരും മത്സരവും ശക്തമാണെന്ന റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തിലാണ് കടുത്ത രാഹുല്‍ കടുത്ത നിലപാട് സ്വീകരിച്ചത്.