Last Modified ശനി, 16 ഫെബ്രുവരി 2019 (16:26 IST)
പുൽവാമയിൽ 44 ജവാന്മാരുടെ ജീവനെടുത്ത അക്രമണത്തിൽ നിന്നും രാജ്യം ഇതുവരെ മുക്തയായിട്ടില്ല. വീരചരമം പ്രാപിച്ചവരുടെ ബോഡികൾ നാട്ടിലെത്തിയിരിക്കുകയാണ്. ഉത്തർപ്രദേശിലെ കന്നോജ് ജില്ലയിലെ നീരജ് ദേവിയുടെ കാതിൽ ഇപ്പോഴുമുണ്ട് തന്റെ പ്രിയതമന്റെ അലറിക്കരച്ചിൽ.
പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി ആർ പി എസ് ജവാൻ പ്രദീപ് സിംഗ് യാദവിന്റെ ഭാര്യയാണ് നീരജ് ദേവി. സംഭവം നടക്കുമ്പോൾ പ്രദീപ് നീരജുമായി ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ശബ്ദം താൻ ശരിക്കും കേട്ടുവെന്നാണ് നീരജ് പറയുന്നത്.
ഉഗ്ര ശബ്ദത്തിൽ മറ്റ് 43 ആളുകൾക്കൊപ്പം തന്റെ പ്രിയതമൻ ചിന്നിച്ചിതറുന്നത് കാതങ്ങൾക്ക് ഇപ്പുറമിരുന്ന് നീരജ് അറിഞ്ഞു. അതുവരെ സന്തോഷത്തിന്റെ മണിക്കൂറുകളായിരുന്നു ഇരുവർക്കും. പൊടുന്നനെയാണ് കാലം അവർക്ക് മുന്നിൽ ദുരന്തം വിതച്ചത്.
‘സംസാരിച്ച് കൊണ്ടിരുന്നപ്പോൾ മറുതലയ്ക്ക് വൻ ശവ്ദം കേട്ടു. പെട്ടന്ന് തന്നെ എല്ലാ ശബ്ദവും അവസാനിച്ചു. ഉടനെ കോൾ കട്ടായി. വേറൊന്നും അറിയില്ലെങ്കിലും അരുതാത്തതെന്തോ സംഭവിച്ചുവെന്ന് തോന്നി. പലവട്ടം വിളിച്ച് നോക്കി. കിട്ടിയില്ല. പിന്നീട് സി ആർ പി എഫ് കൺട്രോൾ റൂമിൽ നിന്നും കോൾ വന്നു. അപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു.’ - നീരജ് പറയുന്നു.