ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 29 നവംബര്‍ 2016 (12:32 IST)
രാജ്യത്തെ കള്ളപ്പണത്തിനും കള്ളനോട്ടിനും അറുതി വരുത്താന്‍ നോട്ട് അസാധുവാക്കിയതിന് തുടര്‍ച്ചയായി സ്വന്തം പാര്‍ട്ടിക്കുള്ളിലെ കള്ളപ്പണക്കാരെയും തുരത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തയ്യാറെടുക്കുന്നു. ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് നരേന്ദ്ര മോഡി ഇക്കാര്യം ആവശ്യപ്പെട്ടത്.
നോട്ട് അസാധുവാക്കിയ പ്രഖ്യാപനത്തിനു ശേഷം നടത്തിയ സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ വിവരങ്ങള്‍ ബി ജെ പി എം എല്‍ എമാരും എം പിമാരും പാര്‍ട്ടിക്ക് കൈമാറണമെന്നാണ് ആവശ്യം.
നവംബര്‍ എട്ടുമുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് പാര്‍ട്ടിക്ക് നല്കേണ്ടത്.
വിവരങ്ങള്‍ 2017 ജനുവരി ഒന്നിനകം ബി ജെ പി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് കൈമാറണം. ലോക്സഭ, രാജ്യസഭ എം പിമാരും എം എല്‍ എമാരും തങ്ങളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങളും ഇടപാടുകളുടെ വിശദാംശങ്ങളും നല്കണം.
നോട്ട് അസാധുവാക്കിയ വിവരം ബി ജെ പി നേതാക്കളും രാജ്യത്തെ പ്രമുഖ വ്യവസായികളും നേരത്തെ അറിഞ്ഞിരുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ പ്രധാനമന്ത്രി നടപടി എടുത്തിരിക്കുന്നത്. വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രിയുടെ വിശദീകരണം തേടി പ്രക്ഷോഭം നടത്തുകയാണ്. ഇതിനിടയിലാണ് സ്വന്തം പാര്‍ട്ടിയിലെ ജനപ്രതിനിധികളോട് ബാങ്കിങ് വിവരങ്ങള്‍ കൈമാറാന്‍ നരേന്ദ്ര മോഡി ആവശ്യപ്പെട്ടത്.