അപര്‍ണ|
Last Modified തിങ്കള്‍, 12 മാര്‍ച്ച് 2018 (16:30 IST)
ബംഗ്ലാദേശിൽ നിന്നുള്ള യാത്രാവിമാനം നേപ്പാളിലെ കഠ്മണ്ഡു ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ തകർന്നുവീണു. ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഇന്നു രാവിലെയാണു സംഭവം. അപകടത്തില്‍ 30 ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
റൺവേയിൽനിന്നു തെന്നിമാറിയ വിമാനം സമീപത്തെ ഫുട്ബോൾ മൈതാനത്തേക്കു നിരങ്ങിനീങ്ങി അവിടെവച്ച് തീപിടിക്കുകയായിരുന്നു. വിമാനത്തില്‍ നിന്നും 24 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി
നേപ്പാൾ ടൂറിസം വകുപ്പ് ജോയിന്റ് സെക്രട്ടറി സുരേഷ് ആചാര്യ അറിയിച്ചു. ബാക്കിയുള്ളവർ മരിച്ചതായാണു സംശയം.
വിമാനത്തിൽ 67 യാത്രക്കാരും നാലു ജീവനക്കാരുമാണുണ്ടായിരുന്നത്. അതിനിടെ, അപകടത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിൽനിന്നെത്തിയതാണു വിമാനം എന്നാണു റിപ്പോർട്ട്.
അപകടത്തെ തുടർന്നു വിമാനത്താവളത്തിന്റെ പരിസരങ്ങളിൽ തീ പടർന്നത് അണയ്ക്കാനുള്ള ശ്രമത്തിലാണ് അധികൃതരെന്നു വിമാനത്താവള വക്താവ് ബീരേന്ദ്ര പ്രസാദ് ശ്രേഷ്ഠ അറിയിച്ചു.