ന്യൂഡല്‍ഹി|
JOYS JOY|
Last Updated:
വ്യാഴം, 25 ഫെബ്രുവരി 2016 (11:10 IST)
പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന് ആക്രമണത്തില്‍ പങ്ക്
ഉണ്ടായിരുന്നോ എന്ന കാര്യം സംശയകരമാണെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ചിദംബരം ഇക്കാര്യം വ്യക്തമാക്കിയത്.
2001ല്‍ നടന്ന പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരുവിന് എത്രത്തോളം പങ്കുണ്ടായിരുന്നു എന്ന കാര്യത്തില്‍ അന്നേ സംശയമുണ്ടായിരുന്നു. മന്ത്രിസഭയുടെ ഭാഗമായി ഇരിക്കുമ്പോള്‍ കോടതിവിധി പ്രകാരം സര്‍ക്കാര്‍ ഒരാളുടെ വധശിക്ഷ നടപ്പിലാക്കുമ്പോള്‍ അഭിപ്രായം പറയാന്‍ കഴിയില്ല. ഒരു വ്യക്തിയെന്ന നിലയില്‍ തന്റെ അഭിപ്രായം ഇപ്പോഴാണ് തുറന്നു പറയുന്നതെന്നും ചിദംബരം പറഞ്ഞു.
കഴിഞ്ഞ യു പി എ സര്‍ക്കാരില്‍ 2008 മുതല്‍ 2012 വരെ പി ചിദംബരം ആയിരുന്നു ആഭ്യന്തരമന്ത്രി. പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരു കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2013ല്‍ ആയിരുന്നു അദ്ദേഹത്തെ തൂക്കിലേറ്റിയത്. അന്ന്, സുശീല്‍ കുമാര്‍ ഷിന്‍ഡെ ആയിരുന്നു ആഭ്യന്തരമന്ത്രി.
വധശിക്ഷയ്ക്ക് പകരം അഫ്‌സലിന് പരോളില്ലാത്ത ജീവപര്യന്തശിക്ഷ നല്കിയാല്‍ മതിയായിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നും ചിദംബരം പറഞ്ഞു.