ന്യൂഡല്‍ഹി|
സജിത്ത്|
Last Modified തിങ്കള്‍, 6 നവംബര്‍ 2017 (10:56 IST)
കള്ളപ്പണത്തിന്റെ പേരില്‍ ബിജെപി വാദങ്ങളെല്ലാം പൊളിയുന്നു. നോട്ടുകള്‍ നിരോധിച്ചതിന്റെ വാര്‍ഷികമായ നവംബര്‍ എട്ടിന് സര്‍ക്കാര്‍ കള്ളപ്പണവിരുദ്ധ ദിനം ആചരിക്കാനിരിക്കെയാണ് നികുതിവെട്ടിച്ചു വിദേശ ബാങ്കുകളിലും മറ്റും ശതകോടികള്‍ നിക്ഷേപിച്ച ഇന്ത്യന്‍ കോര്‍പറേറ്റുകളുടെയും വ്യക്തികളുടെയും വിവരങ്ങള്‍ പുറത്തുവന്നത്.
ആഗോള തലത്തില്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഇന്‍റർനാഷണല്‍ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് കൂട്ടായ്മയാണ് പാരഡൈസ് പേപ്പഴ്‌സ് എന്ന പേരില്‍ ഈ പുതിയ കണക്കുകള്‍ പുറത്തുവിട്ടു. ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും നേതാക്കളും ബന്ധുക്കളും ലാവ്‍ലിന്‍ തുടങ്ങിയ കമ്പനികളും പട്ടികയിലുണ്ട്.
ബിജെപി എംപി ആർ.കെ. സിൻഹ, വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ, കോൺഗ്രസിന്റെ മുതിര്‍ന്ന നേതാവ് വയലാർ രവിയുടെ മകൻ രവികൃഷ്ണ, ബോളിവുഡ് താരം അമിതാഭ് ബച്ചൻ, സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്ത് എന്നിങ്ങനെയുള്ളവരുടെ പേരും പുറത്തുവന്ന റിപ്പോർട്ടിലുണ്ട്. നേരത്തേ, കള്ളപ്പണ നിക്ഷേപകരെ കുറിച്ചുള്ള പനാമ പേപ്പര്‍ വിവരങ്ങളും പുറത്തുവിട്ടതും ഐസിഐജെ ആയിരുന്നു.