സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 29 ഏപ്രില്‍ 2025 (18:50 IST)
ഇന്ത്യന്‍ കരസേനയുടെ വെബ്‌സൈറ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ ഹാക്കര്‍മാരുടെ ആക്രമണം. ഹാക്കര്‍മാരുടെ നീക്കം തകര്‍ത്തതായി കരസേന അറിയിച്ചു. ശ്രീനഗര്‍, റാണിക്കേറ്റ് എന്നിവിടങ്ങളിലെ ആര്‍മി പബ്ലിക് സ്‌കൂള്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാനുള്ള ശ്രമമാണ് തകര്‍ത്തത്. കൂടാതെ ഇന്ത്യന്‍ വ്യോമസേനയുമായി ബന്ധപ്പെട്ട സൈറ്റും ഹാക്ക് ചെയ്യാന്‍ ശ്രമം നടത്തി. ഹാക്ക് ചെയ്യാന്‍ ശ്രമം നടത്തിയ നാല് സൈറ്റുകളും തിരികെ പിടിച്ചതായി കരസേനാ അറിയിച്ചു.
അതേസമയം ഇന്ത്യക്കെതിരെ കടുത്ത നീക്കങ്ങള്‍ക്ക് മുതിരരുതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയോട് സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫ്. ഞായറാഴ്ച ലാഹോറില്‍ വച്ച് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി നവാസ് ഷെരീഫ് കൂടിക്കാഴ്ച നടത്തിയിരുന്നു. സിന്ധു നദീജല കരാര്‍ റദ്ദാക്കാന്‍ ഇന്ത്യ ഏകപക്ഷീയമായി എടുത്ത തീരുമാനം യുദ്ധഭീഷണി ഉണ്ടാക്കുന്നതാണെന്ന് ഷഹബാസ് നവാസ് ഷെരീഫിനോട് പറഞ്ഞതായി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നയതന്ത്ര മാര്‍ഗത്തിലൂടെ ഇന്ത്യയുമായുള്ള നല്ല ബന്ധം പുനസ്ഥാപിക്കണമെന്നും നവാസ് ഷെരീഫ് ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പാക്കിസ്ഥാന് സൈനിക സഹായം നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് തുര്‍ക്കി. പാക്കിസ്ഥാനില്‍ തുര്‍ക്കി വിമാനം ഇറക്കിയത് ഇന്ധനം നിറയ്ക്കാനാണെന്നും ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള സംഘര്‍ഷം എത്രയും വേഗം പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും തുര്‍ക്കി പ്രസിഡന്റ് പറഞ്ഞു. ലോകത്ത് ഒരു യുദ്ധം കൂടി തുര്‍ക്കി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.