വെട്ടിയെടുത്ത രണ്ട് തലകൾക്ക് മറുപടി മൂന്ന് തലകൾ; അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ നടത്തിയത് 'ഓപ്പറേഷൻ ജിഞ്ചർ'

അഞ്ച് വർഷം മുമ്പ് നടത്തിയ മിന്നലാക്രമണം 'ഓപ്പറേഷൻ ജിഞ്ചർ'

ന്യൂഡൽഹി| aparna shaji| Last Modified തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (16:01 IST)
ഉറി ആക്രമണത്തിന് നൽകിയ ശക്തമായ മറുപടിയെ സംബന്ധിച്ച വാർത്തകളും ചർച്ചകളും ഇനിയും അവസാനിച്ചിട്ടില്ല. അത്ര പെട്ടന്ന് ഒരു ഭാരതീയനും മറക്കാൻ കഴിയില്ല സെപ്തംബർ 28 എന്ന ദിനം. ഇന്ത്യൻ സൈന്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ദിവസമായിരു‌ന്നു അത്. ആക്രമിച്ചാൽ മറുപടിയായി മിന്നലാക്രമണം ഉണ്ടാകുമെന്ന് പാകിസ്ഥാന് മനസ്സിലാക്കി കൊടുത്ത ദിവസമായിരുന്നു അന്ന്.

എന്നാൽ, ഇതാദ്യമായിട്ടല്ല ഇന്ത്യ പാകിസ്ഥാനെതിരെ മിന്നലാക്രമണം നടത്തുന്നത്. 2011ൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ രേഖക‌ൾ പുറത്തുവന്നിരിക്കുകയാണ്. ദേശീയ മാധ്യമങ്ങളാണ് ഇതുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന രേഖകൾ പു‌റത്തുവിട്ടിരിക്കുന്നത്. അഞ്ചു വർഷങ്ങൾക്ക് മുൻപ് കശ്മീരിലെ കുപ്‌വാരയിൽ നടന്ന ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ മറുപടിയും മിന്നലാക്രമണം തന്നെയായിരുന്നു. 'ഓപ്പറേഷൻ ജിഞ്ചർ' എന്നായിരുന്നു അതിന്റെ പേര്.

2011ലെ ജൂലൈ 30 കുപ്‌വാരയിലെ ജനങ്ങൾക്ക് മറക്കാനാകാത്ത ദിവസങ്ങളിൽ ഒന്നാണ്. ശാന്തമായ പ്രകൃതിയെ ഭീതിയിലേക്ക് കൂട്ടിക്കൊണ്ടുപോയ കറുത്ത ദിനങ്ങളിൽ ഒന്ന്. ഗുഗാൽധർ സൈനിക പോസ്റ്റ് മറികടന്നെത്തിയ പാക് സൈന്യം 20 കുമാവൂൺ ബറ്റാലിയന് നേരെ ആക്രമണം നടത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. ആക്രമണത്തിനുശേഷം ഹവിൽദാർ ജയ്പാൽ സിങ് അധികാരിയുടെയും ലാൻസ് നായിക് ദേവേന്ദർ സിങ്ങിന്റെയും തലകൾ അറുത്തുകൊണ്ടുപോയി. തികച്ചും കാട്ടാ‌ളമായ രീതിയായിരുന്നു പാകിസ്ഥാൻ അന്ന് ചെയ്തത്.

ആക്രമത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സൈനികനാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. പാക് സൈന്യം അറുത്ത്കൊണ്ട് പോയ ഇന്ത്യൻ സൈനികരുടെ തലകൾ പൊതുസ്ഥലത്ത് പ്രദർശിപ്പിച്ചതിന്റെ ദൃശ്യങ്ങൾ ഇന്ത്യക്ക് ലഭിക്കുകയും ചെയ്തു. പാകിസ്ഥാന്റെ ക്രൂരതയ്ക്ക് മറു‌പ‌ടി പറയാൻ ഇന്ത്യ തീരുമാനിച്ചു. അതിനായി ഇന്ത്യ തെരഞ്ഞെടുത്ത മാർഗം 'ഓപറേഷൻ ജിഞ്ചർ'.

മൂന്ന് പാക് സൈനിക പോസ്റ്റുകളിൽ പാരാ കമാൻഡർ ഉൾപ്പെട്ട മൂന്ന് സൈനിക സംഘങ്ങളെ നിയമിച്ചു. ഈദിന് ഒരു ദിവസം മുൻപായിരുന്നു ഇന്ത്യയുടെ ആക്രമണം. അതിനാൽ ഇങ്ങനൊരു ആക്രമണം ഉണ്ടാകില്ലെന്ന് പാകിസ്ഥാൻ ഉറച്ച് വിശ്വസിച്ചു. അതായിരുന്നു ഓപ്പറേഷൻ വിജയിക്കാനും കാരണം. 25 പേരടങ്ങുന്ന സൈനികരായിരുന്നു ഉണ്ടായിരുന്നത്. പല സ്ഥലങ്ങളിലും കുഴിബോംബുകളും സ്ഫോടക വസ്തുക്കളും സൈനികർ കുഴിച്ചിട്ടു.

നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെത്തി. പാക് സൈനികരെ അവരുടെ സ്ഥലത്ത് വെച്ച് കൊലപ്പെടുത്തി. സ്ഫോടനമായിരുന്നു മാർഗം. നിരവധി സൈനികർക്ക് പരുക്കേറ്റു. ഇതിൽ മൂന്ന് പേരുടെ തലകൾ ഇന്ത്യൻ സൈന്യം അറുത്തെടുത്തു. സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ പാക് സൈനികരെ അടുത്ത ഇന്ത്യൻ സംഘം നേരിട്ടു. പിറകെയെത്തിയവരെ മൂന്നാമത്തെ സംഘവും നേരിട്ടു.

അറുത്തെടുത്ത തലകൾ പൊതുസ്ഥലത്ത് പ്രദർശിപ്പിച്ച് ദൃശ്യങ്ങൾ പാകിസ്ഥാന് കൈമാറിയശേഷം ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം കത്തിച്ചു. 48 മണിക്കൂറോളം ഇന്ത്യൻ സൈന്യം ശത്രുപാളയത്തിൽ ഉണ്ടായിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. എട്ടു പാക്ക് സൈനികരെ കൊലപ്പെടുത്തിയതായും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :