മുല്ലപ്പെരിയാർ: തമിഴ്നാടുമായി കേസിനില്ല, പ്രശ്നങ്ങൾ പറഞ്ഞ് പരിഹരിക്കാമെന്ന് കേരള സർക്കാർ; അനുനയത്തിൽ ഒപിഎസ് വീഴുമോ?

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടുമായി കേസ് വേണ്ടെന്ന് കേരളം

ആലപ്പുഴ| aparna shaji| Last Updated: ശനി, 10 ഡിസം‌ബര്‍ 2016 (14:12 IST)
വിഷയത്തിൽ കേന്ദ്ര സർക്കാരിനോടും തമിഴ്നാട് സർക്കാരിനോടും കൊമ്പുകോർക്കാൻ ഇല്ലെന്ന് കേരള സർക്കാർ. ഇരു സർക്കാരിനോടും മൃദുസമീപനം മതിയെന്നും സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുല്ലപ്പെരിയാറിൽ പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി കേന്ദ്ര സർക്കാർ നേരത്തേ നിഷേധിച്ചു. ഈ നടപടിക്കെതിരെ കേസ് കൊടുക്കാനുള്ള നീക്കമാണ് ഇതോടെ സംസ്ഥാനം ഉപേക്ഷിച്ചത്.

തമിഴ്നാടുമായി കേസിന് പോകേണ്ടെന്നും പകരം ചർച്ച നടത്തി അനുനയത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നുമാണ് സർക്കാർ തീരുമാനം. ഇക്കാര്യം മുല്ലപ്പെരിയാർ സെല്ലിനേയും അറിയിച്ചു.
മുല്ലപ്പെരിയാറിൽ പരിസ്ഥിതി ആഘാത പഠനത്തിന് കേരളം മുതിർന്നെങ്കിലും കേന്ദ്ര സർക്കാർ ഇത് തടയുകയായിരുന്നു. തമിഴ്നാടിന്റെ സമ്മർദഫലമായാണ് ഇതെന്ന് ആക്ഷേപം ഉയരുകയും ചെയ്തു.

ഈ വിഷയത്തിൽ കേന്ദ്ര സർക്കാരുമായി തർക്കത്തിനു പോകേണ്ടെന്നു നിർദേശം നൽകിയ സർക്കാർ, നിയമപരമായ നീക്കത്തിന് അനുമതി നിഷേധിച്ചു. പുതിയ അണക്കെട്ടു നിർമിക്കാനുള്ള പ്രവർത്തനങ്ങൾക്കു തമിഴ്നാടുമായി ചർച്ച നടത്തി സമയം കണ്ടെത്തണമെന്നാണു പുതിയ നിലപാട്. എന്നാൽ, അനുകൂല സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേരളവുമായി ചർച്ചകൾക്കൊന്നും തമിഴ്നാട് താൽപര്യം പ്രകടിപ്പിക്കാത്ത സാഹചര്യമാണുള്ളത്.

ജയലളിതയുടെ അഭാവത്തിൽ ഒ പനീർ ശെൽവമാണ് തമിഴ്നാടിന്റെ മുഖ്യമന്ത്രി. മുല്ലപ്പെരിയാർ വിഷയത്തിൽ ഏറ്റവും കൂടുതൽ ശബ്ദമുയർത്തിയതും പനീർ ശെൽവം തന്നെയാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ 1996ൽ ആദ്യമായി പ്രക്ഷോഭം നടന്നത് പനീർശെൽവത്തിന്റെ നേതൃത്വത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയുടെ സമീപനത്തിൽ വിട്ടുവീഴ്ച ഉണ്ടാകുമെന്ന് കേരളം കരുതേണ്ടതില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :