ന്യൂഡല്‍ഹി|
Last Modified ഞായര്‍, 22 ജനുവരി 2017 (10:25 IST)
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരാളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മഹാരാജ്‌ഗഞ്ചില്‍ നിന്ന് കഴിഞ്ഞദിവസം വൈകുന്നേരമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. നജീബിനെ വിട്ടു തരണമെങ്കില്‍ മോചനദ്രവ്യം നല്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. 20 ലക്ഷം രൂപയായിരുന്നു ഇയാള്‍ നജീബിന്റെ മോചനത്തിനു വേണ്ടി ആവശ്യപ്പെട്ടത്.
എ ബി വി പി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഒക്‌ടോബര്‍ 15നാണ് എം എസ് സി ബയോടെക്നോളജി വിദ്യാര്‍ത്ഥിയായ നജീബിനെ കാണാതായത്. കേസ് പൊലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
കാണാതായതിനു ശേഷം രണ്ടുദിവസം കഴിഞ്ഞ് പരാതി നല്കിയെങ്കിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നവംബറിലാണ് കേസ് എടുത്തത്. നജീബ് അഹ്‌മദിനെക്കുറിച്ച് വിവരം നല്കുന്നവര്‍ക്ക് നേരത്തെ പാരിതോഷികം പൊലീസ് 10 ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു.