ചെന്നൈ|
Last Modified വെള്ളി, 7 ഒക്‌ടോബര്‍ 2016 (10:25 IST)
അസുഖബാധിതയായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കാണാനെത്തിയ ബന്ധുക്കള്‍ അവരെ കാണാതെ മടങ്ങി. ഒരുകാലത്ത്, ജയലളിതയുടെ ദത്തുപുത്രനായിരുന്ന വി എന്‍ സുധാകരനും ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ മകള്‍ ദീപ ജയകുമാറുമാണ് ജയലളിതയെ കാണാനെത്തിയത്. എന്നാല്‍, മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ഇരുവര്‍ക്കും ജയലളിതയെ കാണാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞദിവസം വൈകുന്നേരം ആറുമണിയോടെ ആയിരുന്നു സുധാകരന്‍ അപ്പോളോ ആശുപത്രിയില്‍ എത്തിയത്. 40 മിനിറ്റോളം കാറില്‍ കാത്തിരുന്നെങ്കിലും അനുമതിയില്ലെന്ന് പൊലീസ് അറിയിച്ചതോടെ മടങ്ങുകയായിരുന്നു. ഉറ്റതോഴി ശശികലയുടെ സഹോദരപുത്രനായ സുധാകരനെ പിന്നീട്
ജയലളിത തള്ളിപ്പറഞ്ഞിരുന്നു. കോടികള്‍ ചെലവഴിച്ച് സുധാകരന്റെ വിവാഹം നടത്തിയത് വന്‍ വിവാദമായിരുന്നു.
കൂടാതെ, ജയലളിതയുടെ സഹോദരന്റെ മകള്‍ ദീപ ജയകുമാറിനും അനുമതി നിഷേധിച്ചിരുന്നു. മൂന്നു ദിവസത്തിലേറെ ദീപ ജയലളിതയെ കാണുന്നതിനായി കാത്തുനിന്നെങ്കിലും ഫലമുണ്ടായില്ല. 1995ലാണ് ജയയുടെ സഹോദരന്‍ മരിച്ചത്. അതിനുമുമ്പു തന്നെ സഹോദരനുമായി ജയലളിത അകന്നിരുന്നു. പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ് ദീപ.