നീരവ് മോദിക്കെതിരായ കുരുക്ക് മുറുകുന്നു; നോട്ട് അസാധുവാക്കിയപ്പോൾ കള്ളപ്പണം വെളുപ്പിച്ചു, ഇനി രക്ഷയില്ല?

മോദിയുടെ നോട്ട് നിരോധനം മറയാക്കി നീരവ് കള്ളപ്പണം വെളുപ്പിച്ചു?

aparna| Last Modified വെള്ളി, 16 ഫെബ്രുവരി 2018 (10:21 IST)
പഞ്ചാബ് നാഷനല്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ വജ്രവ്യവസായി നീരവ് മോദിക്കെതിരെയുള്ള കുരുക്ക് മുറുകുന്നു. നീരവിനെതിരെ ശക്തമായ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് ഏജന്‍സികള്‍. കഴിഞ്ഞ വർഷം നോട്ട് അസാധുവാക്കിയപ്പോള്‍ നീരവിന്‍റെ സ്ഥാപനങ്ങള്‍ വഴി കള്ളപ്പണം വെളുപ്പിച്ചതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ സാഹചര്യത്തിലാണ് അന്വേഷണം ശക്തമാക്കുന്നത്.

2014 മുതല്‍ നീരവ് വിവിധ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിബിഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും നികുതി വകുപ്പും അനധികൃത ക്രയവിക്രയങ്ങളുടെയും മറ്റു നടപടികളുടെയും പേരില്‍ 2014 മുതല്‍ നീരവ് മോദിയെ നിരീക്ഷിച്ചുവരികയായിരുന്നു.

നീരവ് മോദി പ്രധാനമന്ത്രിക്കൊപ്പം ദാവോസിലെ ലോകസാമ്പത്തിക ഫോറത്തില്‍ നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെ വിഷയത്തിന് കൂടുതൽ രാഷ്ട്രീയമാനം കൈവന്നിട്ടുണ്ട്. പിടിക്കപ്പെട്ടേക്കുമെന്നു സൂചനകള്‍ ലഭിച്ചതോടെയാണു നീരവ് രാജ്യം വിട്ടതെന്നാണ് വിവരം.

ഇതിനിടെ നീരവ് മോദിയും കുടുംബവും ഇപ്പോള്‍ ന്യൂയോർക്കിലുണ്ടെന്ന് എൻഡിടിവി റിപ്പോർട്ടു ചെയ്തു. മാൻഹട്ടനിലെ അപാർട്മെന്റിലാണിവരെന്നാണു റിപ്പോർട്ട്. അതേസമയം, നീരവ് മോദിക്കെതിരെ നടി പ്രിയങ്ക ചോപ്രയും നടൻ സിദ്ദാർത്ഥ് മൽഹോത്രയും രംഗത്തെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :