അഹമ്മദാബാദ്|
aparna shaji|
Last Modified തിങ്കള്‍, 8 മെയ് 2017 (08:27 IST)
പശുസംരക്ഷകർ എന്ന പേരിൽ രാജ്യത്ത് പലയിടങ്ങളിലും അക്രമങ്ങൾ നടത്തുന്നവരുടെ തനിനിറം പുറത്തായി. ഗുജറാത്തിലെ പശുസംരക്ഷകരുടെ തനിനിറമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പശുക്കളെ കൊല്ലാൻ കൂട്ടുനിക്കുന്നവരാണ് ഗോസംരക്ഷകർ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അഹമ്മദാബാദിലെ അഖില ഭാരതീയ സാര്‍വ്വദളീയ ഗോരക്ഷാ മഹാഭിയാന്‍ സമിതിയും അറവുശാലകളും തമ്മിൽ ചില ബന്ധങ്ങൾ ഉള്ളതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ സംഘടനയുടെ ദേശീയ അധ്യക്ഷന്‍ ബാബു ദേശായി ഒപ്പിട്ട അനുമതി രേഖകളുമായി ശ്രീനാഥ്ജി ഗോശാലയില്‍ നിന്ന് അറവുശാലകളിലേക്ക് കൊണ്ടുപോകുകയായിരുന്ന പശുക്കളേയും ക്ടാക്കളേയും പൊലീസ് പിടികൂടിയപ്പോൾ ആണ് വിവരം പുറംലോകമറിയുന്നത്.
വണ്ടിയുടെ ഡ്രൈവറും ക്ലീനറുമാണ് വിവരങ്ങൾ പൊലീസിനോട് പറഞ്ഞത്. ബറൂച്ചിലുള്ള ഒരു അറവുശാലയിലേക്കാണ് കൊണ്ടുപോകുകയാണെന്ന് ഇവർ പൊലീസിന് മൊഴി നൽകി. പശുക്കളെ കടത്താൻ ശ്രമിച്ച കുറ്റത്തിന് വണ്ടിയുടെ ഡ്രെവറെയും ക്ലീനറെയും പൊലീസ് അറസ്റ്റ് ചെയ്തു. ബാബു ദേശായി ഒപ്പിട്ട കത്തില്‍ പറഞ്ഞിരുന്നത് ഇവയെ മഹാരാഷ്ട്രയിലുള്ള മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നു എന്നായിരുന്നു.
ദേശീയ മൃഗക്ഷേമ ബോര്‍ഡിലെ മൃഗക്ഷേമ ഉദ്യോഗസ്ഥനായ ജതിന്‍ ജിതേന്ദ്ര വ്യാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. 12 പശുക്കളേയും പശുക്കിടാങ്ങളേയും അനങ്ങാന്‍ പോലും സാധിക്കാത്ത വിധം കുത്തി നിറച്ചാണ് കൊണ്ടുപോയിരുന്നത്.