ന്യൂഡല്‍ഹി|
Sajith|
Last Modified വ്യാഴം, 25 ഫെബ്രുവരി 2016 (11:24 IST)
ഇന്ത്യയില്‍ അന്‍പതു ശതമാനം പെണ്‍കുട്ടികള്‍ സ്‌കൂളിലേക്കുള്ള യാത്രയ്‌ക്കിടയിലും മുപ്പത്തിരണ്ടു ശതമാനം പെണ്‍കുട്ടികള്‍ കോളേജിലേക്കുള്ള യാത്രയ്‌ക്കിടയിലും ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നുയെന്ന് റിപ്പോര്‍ട്ട്. ബ്രേക്ക്‌ത്രൂ എന്ന സംഘടനയുടെ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ആറ് സംസ്ഥാനങ്ങളിലായി 900 ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഉള്‍പ്പെടുത്തിയാണ് ഈ സംഘടന പഠനം നടത്തിയത്. ഈ റിപ്പോര്‍ട്ടില്‍ 52 ശതമാനം പേരും മുട്ടലോ തട്ടലോ മാനഭംഗ ശ്രമമോ അശ്‌ളീല നോട്ടത്തിന് പിന്നാലെ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വ്യക്തമാക്കി. മിക്കപ്പോഴും ഇത് നേരിടേണ്ടി വന്നിട്ടുള്ളത് പ്രഭാത വേളയിലാണെന്നാണ് 47 ശതമാനം പേരും പ്രതികരിച്ചത്. പ്രധാനമായും ബസ് സ്‌റ്റോപ്പുകളാണ് ലൈംഗിക ചൂഷണ ഇടമെന്ന് 52 ശതമാനം പേര്‍ പ്രതികരിച്ചു. കൂടാതെ സ്‌കൂള്‍, കോളേജ് കെട്ടിടങ്ങളിലും ഇത്തരം സംഭവം നേരിട്ടിട്ടുണ്ടെന്ന് 23 ശതമാനം പേരും വ്യക്തമാക്കി.
ബ്രേക്ക്‌ത്രൂ എന്ന സംഘടന ഡല്‍ഹി, യുപി, കര്‍ണാടക, ജാര്‍ഖണ്ഡ്,
ഹരിയാന എന്നിവിടങ്ങളിലെ
പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. സ്‌ത്രീകള്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ നേരിടുന്ന ആറ് സംസ്‌ഥാനങ്ങളില്‍ പൊതുസഹകരണത്തോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികള്‍ക്ക് 16 ജില്ലകളില്‍ സുരക്ഷിത പരിസ്‌ഥിതി ഇടം സൃഷ്‌ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരിപാടി നടപ്പാക്കുന്നത്. കൂടാതെ ഇക്കാര്യത്തില്‍ മേക്ക് ഇറ്റ് സേഫര്‍ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ സര്‍വേയ്‌ക്ക് കൂടി ഒരുങ്ങുകയാണ് ഇപ്പോള്‍ ഈ സംഘടന.