യോഗാ ദിനം: രാജ്‌പഥിൽ ആക്രമണ സാധ്യതയെന്ന് ഇന്റലിജൻസ്

യോഗാ ദിനാചരണം , നരേന്ദ്ര മോഡി , ഡൽഹി പൊലീസ് , ഇന്റലിജൻസ് ബ്യൂറോ
ന്യൂഡൽഹി| jibin| Last Modified ശനി, 20 ജൂണ്‍ 2015 (12:09 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ളവര്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര യോഗാ ദിനാചരണം നാളെ രാജ്‌പഥിൽ നടക്കാനിരിക്കെ ചടങ്ങില്‍ ആക്രമണസാധ്യതയുണ്ടെന്ന് ഇന്റലിജൻസ് ബ്യൂറോ. സുരക്ഷാ സംഘങ്ങളോട് അതീവ ജാഗ്രത പുലർത്താൻ ഇന്റലിജൻസ് ബ്യൂറോ നിർദ്ദേശം നൽകിയിട്ടുണ്ട്.

ചടങ്ങിനിടെ പറക്കുന്ന വസ്തുക്കളിൽ നിന്നും ആക്രമണ സാധ്യതയുണ്ടായേക്കുമെന്ന് ഇന്റലിജൻസ് ബ്യൂറോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതേ തുടർന്ന് ആകാശമാർഗമുള്ള ഭീഷണി ഒഴിവാക്കാനായി പട്ടങ്ങൾ, ബലൂണുകൾ, ഗ്ലൈഡറുകൾ, സൂക്ഷ്മമായ പറക്കും വസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നത് ഡൽഹി പൊലീസ് നിരോധിച്ചു. ഇതോടൊപ്പം ചടങ്ങിന്റെ ആകാശദൃശ്യമെടുക്കാൻ ഡ്രോൺ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. യോഗദിനത്തിൽ രാജ്പഥിലും സമീപസ്ഥലങ്ങളിലുമായി ഡൽഹി പൊലീസ് ഉൾപ്പടെ അയ്യായിരത്തോളം ആയുധധാരികളായ സുരക്ഷാ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

മുപ്പത്തിയേഴായിരത്തോളം ജനങ്ങൾ രാജ്‌പഥിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ബാബാ രാംദേവ് ഉൾപ്പടെയുള്ള നാല് യോഗാവിദഗ്ധ‌ർ ചടങ്ങിൽ സന്നിഹിതരായിരിക്കും. 28 വലിയ സ്ക്രീനുകളിലൂടെ ഇവരുടെ യോഗാപ്രകടനങ്ങൾ പ്രദർശിപ്പിക്കും.
അമ്പത് രാജ്യങ്ങളിൽ നിന്നുള്ള നൂറോളം വിദേശികളും ചടങ്ങിൽ പങ്കെടുക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :