നക്സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ യൂണിഫോമുകള്‍ കുപ്പത്തൊട്ടിയില്‍!

റായ്പുര്‍| VISHNU.NL| Last Updated: വ്യാഴം, 4 ഡിസം‌ബര്‍ 2014 (13:32 IST)
ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ നക്സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 14 സിആര്‍പിഎഫ് ജവാന്‍മാരുടെ രക്തം പുരണ്ട യൂണിഫോമുകള്‍ ആശുപത്രി പരിസരത്തുള്ള കുപ്പത്തൊട്ടിയില്‍. സംഭവം വിവാദമായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടി.

കൊല്ലപ്പെട്ട ജവാന്‍മാരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത റായ്പുര്‍ സര്‍ക്കാര്‍ ആസ്പത്രി പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട യൂണിഫോമുകളുടെ ചിത്രം ചിലര്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉടന്‍ സ്ഥലത്തെത്തി യൂണിഫോമുകള്‍ പാര്‍ട്ടി ഓഫീസിലേക്ക് മാറ്റി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഛത്തീസ്ഗഡിലെ സുക്മയില്‍ നക്സലുകള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഓഫിസര്‍മാരുള്‍പ്പെടെ 14 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്. സുഖ്മയിലെ കൊടുംവനത്തില്‍ മാവോവാദികള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തിയശേഷം മടങ്ങിയ സംഘത്തിനുനേരെ ആയിരുന്നു ആക്രമണം. രണ്ട് ഓഫീസര്‍മാര്‍ അടക്കമുള്ളവരാണ് മരിച്ചത്.

മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനാണ് റായ്പൂരിലെ സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയത്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ചൊവ്വാഴ്ച തന്നെ നാടുകളിലേക്ക് അയച്ചിരുന്നു. ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചിരുന്നു.

സംഭവത്തില്‍ ബിജെപി സര്‍ക്കാര്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. ആശുപത്രി ജീവനക്കാരാകാം യൂണിഫോമുകള്‍ അലക്ഷ്യമായി ഉപേക്ഷിച്ചതെന്ന് സി ആര്‍ പി എഫ് വൃത്തങ്ങള്‍ പറയുന്നു. ഛത്തീസ്ഗഢ് പോലീസിനെതിരെ സി ആര്‍ പി എഫ് പരാതി നല്‍കിയിട്ടുണ്ട്. മരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറാന്‍ യൂണിഫോമുകള്‍ ഉടന്‍ തിരിച്ചു നല്‍കണമെന്ന് സി ആര്‍ പി എഫ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :