കൊഹിമ|
Last Modified ശനി, 24 മെയ് 2014 (10:00 IST)
ലോക്‌സഭയിലേക്ക് ജയിച്ച നാഗാലന്‍ഡ് മുഖ്യമന്ത്രി നെയ്ഫ്യു റിയോ വെള്ളിയാഴ്ച രാജിനല്‍കി. നാഗാലന്‍ഡ് മുഖ്യമന്ത്രിയായി ടി.ആര്‍. സെലിയാങ് ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
തുടര്‍ച്ചയായി മൂന്നുതവണ സംസ്ഥാന മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട റിയോ കാലാവധി തികയാന്‍ നാലുവര്‍ഷം ബാക്കിയിരിക്കേയാണ് ലോക്‌സഭയിലേക്ക് മത്സരിച്ചത്. സംസ്ഥാനത്തെ ഏക ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.
റിയോ മന്ത്രിസഭയില്‍ ആസൂത്രണവകുപ്പ് കൈകാര്യം ചെയ്തിരുന്നത് സെലിയാങ് ആണ്. എം.എല്‍.എ.മാര്‍ക്കിടയിലെ നാടകീയ ബലപരീക്ഷണങ്ങള്‍ക്കുശേഷംമാണ് നാഗാ പീപ്പിള്‍സ് ഫ്രന്റിന്റെ നിയമസഭാകക്ഷി നേതാവായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്.
നരേന്ദ്രമോദിയോട് അടുപ്പമുള്ള നെയ്ഫ്യൂ റിയോക്ക് കേന്ദ്രമന്ത്രിസഭയില്‍ ഇടംലഭിക്കുമെന്നാണ് അനുയായികള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, ബി.ജെ.പി.ക്ക് തനിച്ച് ഭൂരിപക്ഷം കിട്ടിയ സാഹചര്യത്തില്‍ നാഗാ പീപ്പിള്‍സ് ഫ്രന്റ് പോലുള്ള ചെറുകക്ഷികള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കുമോ എന്നകാര്യത്തില്‍ സംശയമുണ്ട്.