എ കെ ജെ അയ്യര്‍|
Last Modified ഞായര്‍, 15 മെയ് 2022 (17:28 IST)
ചെന്നൈ: കാമുകിയും ഭർതൃ സഹോദരനും ചേർന്ന് ഡി.എം.കെ നേതാവിനെ വെട്ടി നുറുക്കി കവറിലാക്കി തല പുഴയിലെറിഞ്ഞു. ചെന്നൈയിലെ മണലിൽ ഡി.എം.കെ പ്രാദേശിക വാർഡ് സെക്രട്ടറി എസ്.ചക്രപാണി (65) ആണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടു കാമുകി തമീമ ബാനു എന്ന 40 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.
നിലമ്പൂരിൽ നടന്ന കൊലപാതകത്തിന് സമാനമായ രീതിയിലാണ് കൊലപാതകം നടന്നത്. കൊലപാതകം നടത്തിയ ഇവരുടെ ഭർതൃ സഹോദരൻ വസീം ഭാഷ (35), ഇയാളുടെ സുഹൃത്തായ ഓട്ടോറിക്ഷാ ഡ്രൈവർ ദില്ലി ബാബു (29) എന്നിവർക്കായി പോലീസ് ഊർജ്ജിതമായി അന്വേഷണം ആരംഭിച്ചു.
മെയ് പത്താം തീയതിമുതൽ ചക്രപാണിയെ കാണാനില്ലെന്ന് കാണിച്ചു കുടുംബം പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് ഇയാളുടെ പരിചയക്കാരെയും സമീപ റോഡുകളിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചപ്പോൾ ഇയാളുടെ സ്‌കൂട്ടർ റോയാപുരത്തെ ഗ്രീസ് ഗാർഡനിൽ നിന്ന് കണ്ടെത്തി. അടുത്ത് നിന്ന് തന്നെ ഇയാളുടെ മൊബൈൽ ഫോണും ഉണ്ടായിരിക്കാം എന്നും സൈബർ സെൽ വഴി അറിവായി.
ഇതിനൊപ്പം ഇവിടത്തെ രണ്ടാം തെരുവിൽ നിന്ന് അസഹനീയമായ ദുർഗന്ധം ഉയരുന്നതായി സമീപവാസികൾ പോലീസിൽ അറിയിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിൽ വീട്ടിലെ ശുചി മുറിയിൽ വെട്ടിനുറുക്കിയ നിലയിൽ ചക്രപാണിയുടെ മൃതദേഹം കണ്ടെത്തി. വീട്ടുടമയായ തമീമ ബാനുവും കുടുംബവും മുമ്പ് ചക്രപാണിയുടെ ഒരു വീട്ടിലായിരുന്നു വാടകയ്ക്ക് താമസിച്ചിരുന്നത് എന്നും അറിഞ്ഞു.
പലപ്പോഴായി ചക്രപാണിയിൽ നിന്ന് തമീമ പണം കടം വാങ്ങുകയും ഇത് സൗഹൃദത്തിലേക്കും ഇരുവരും തമ്മിലുള്ള പ്രണയമായി മാറുകയും ചെയ്തു. പിന്നീട് തമീമ വീട് മാറിയെങ്കിലും ബന്ധം തുടർന്നിരുന്നു. അങ്ങനെയാണ് ചക്രപാണി റോയാപുരത്ത് എത്തിയത്. ചക്രപാണി എത്തിയ വിവരം അറിഞ്ഞു തമീമയുടെ ഭർതൃ സഹോദരൻ വസീം ബാഷ അവിടെ വരുകയും ചക്രപാണിയുമായി വഴക്കുണ്ടാക്കുകയും ചെയ്തു. വഴക്കിനിടെ വസീം വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് ആക്രമിച്ചപ്പോൾ ചക്രപാണി മരിച്ചു.
ഇതോടെ ചക്രപാണിയുടെ ശരീരം വെട്ടിനുറുക്കി ഉപേക്ഷിക്കാൻ തമീമയും ബാ ഷായും തീരുമാനിച്ചു. ഇതിനായി ഇയാളുടെ സുഹൃത്ത് ദില്ലി ബാബുവിനെ സഹായത്തിനു വിളിച്ചു. ചെറിയ പത്ത് കഷണങ്ങളാക്കി വെട്ടിനുറുക്കിയ ശേഷം ചെറിയ പ്ലാസ്റ്റിക് ബാഗുകളിലേക്കു മാറ്റി. ദില്ലി ബാബു തലഭാഗം അന്ന് തന്നെ
അഡയാർ പാലത്തിൽ നിന്ന് നടിയിലേക്കെറിഞ്ഞു. സൗകര്യം പോലെ ബാക്കി ഭാഗങ്ങൾ ഉപേക്ഷിക്കാനായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഇതിനിടെയാണ് പോലീസ് ഇവിടെ എത്തിയത്. തലഭാഗം കണ്ടെത്താനായി ശ്രമിച്ചെങ്കിലും കണ്ടെത്തിയില്ല. ഇതിനിടെ വസീം ബാഷയും ദില്ലി ബാബുവും ഒളിവിൽ പോയിരുന്നു. ഇവർക്ക് വേണ്ടി പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.