വീട്ടുകാരോട് സംസാരിക്കണമെന്ന് പാക് ഭീകരന്‍ മുഹമ്മദ് നവേദ്

ശ്രീനഗർ| VISHNU N L| Last Modified ശനി, 19 സെപ്‌റ്റംബര്‍ 2015 (12:52 IST)
ജമ്മു കശ്മീരിലെ ഉധംപൂരിൽ നിന്നും പിടിയിലായ ഭീകരൻ മുഹമ്മദ് നവേദിന് തന്റെ മാതാപിതാക്കളുമായി സംസാരിക്കണമെന്ന് ആഗ്രഹം. ജമ്മു കശ്മീരിലെ പ്രത്യക കോടതിക്കു മുൻപാകെ നവേദ് തന്നെയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നവേദ് ആവശ്യപ്പെട്ടതോടെ നവേദ് നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. പക്ഷേ ആ നമ്പർ ഇപ്പോൾ നിലവിലില്ലെന്നും ദേശീയ അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു.

ഇതുകേട്ടയുടൻ തന്റെ കൈയ്യിൽ സുഹൃത്തുക്കളുടെ നമ്പറുകളുണ്ടെന്നും ആ നമ്പറിലേക്ക് വിളിക്കാനും നവേദ് ആവശ്യപ്പെട്ടു. തന്റെ കൈയ്യലുണ്ടായിരുന്ന ഏതാനും നമ്പറുകൾ ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു. ജഡ്ജ് സാഹിബ് അവരെക്കുറിച്ചുള്ള ഓർമകൾ തുടർച്ചയായി എന്റെ മനസ്സിൽ വരുന്നു. കഴിഞ്ഞ കുറെ കാലമായി ഞാനവരോട് സംസാരിച്ചിട്ട്. ഫോണിലൂടെ അവരോട് സംസാരിക്കാൻ താങ്കൾ എന്നെ സഹായിക്കണം. എനിക്ക് വീട്ടിലേക്ക് മടങ്ങിപ്പോകണം- നവേദ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മുഹമ്മദ് നവീദിനെയും ഇയാൾക്ക് സഹായം ചെയ്ത ഷൗക്കത്ത്, കുർഷീദ് എന്നിവരെ പ്രത്യേക കോടതിക്കു മുൻപാകെ ഹാജരാക്കിയത്. ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഉധംപൂരില്‍ ആക്രമണം നടത്തുന്നതിനിടെ നവേദിനെ നാട്ടുകാരാണ് ജീവനോടെ പിടികൂടിയത്. ഇയാള്‍ പാകിസ്ഥാനിയാണെന്നുള്ള ഇന്ത്യന്‍ വാദങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് നവേദിന്റെ പുതിയ ആവശ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :