സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് മോഡിയുടെ റാലി നിഷേധിച്ചത്

ന്യൂഡല്‍ഹി| Last Modified വ്യാഴം, 8 മെയ് 2014 (11:22 IST)
സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് വാരാണസിയില്‍ നരേന്ദ്ര മോഡി നടത്താനിരുന്ന റാലിക്ക് അനുമതി നിഷേധിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ .

ഇപ്പോള്‍ ബിജെപിയുടെ പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍
അസംതൃപ്തി പ്രകടിപ്പിച്ചു. ജില്ലാ മജിസ്‌ട്രേട്ടിന്റെ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ചല്ല റാലിയ്ക്ക് അനുമതി നിഷേധിച്ചതെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി , ഡി ജി പി എന്നിവരുമായി കമ്മീഷന്‍ ആശയവിനിമയം നടത്തിയിരുന്നു. സുരക്ഷാകാരണങ്ങളും റാലി നടത്താന്‍ നിശ്ചയിരുന്ന വേദിയുടെ സ്ഥലപരിമിതിയും അടക്കമുള്ളവ പരിഗണിച്ചു.

ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന സുരക്ഷാ മുന്നറിയിപ്പുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അവഗണിക്കാനാവില്ല. ബി ജെ പി അടക്കമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചൂണ്ടിക്കാട്ടുന്ന പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രാധ്യാന്യത്തോടെയാണ് കാണുന്നത്. എന്നാല്‍, റാലിക്ക് അനുമതി നിഷേധിച്ചതിനെതിരെ പ്രതിഷേധിക്കാനുള്ള നീക്കം ഖേദകരമാണ്.

സ്ഥിതിഗതികള്‍ വിലയിരുത്തി നിയമപരമായി പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ബി ജെ പി പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചതെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിക്ക് അയച്ച കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് റാലി അടക്കമുള്ളവയ്ക്ക് അനുമതി നല്‍കാനുള്ള ചുമതല ജില്ലാ ഭരണകൂടത്തിനാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടാറില്ല. വാരണാസിയില്‍ വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കുന്നതിന് മുമ്പ് ബി ജെ പി തെരഞ്ഞെടുപ്പ് കമ്മീഷനുമായി ആശയവിനിമയം നടത്തിയില്ലെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :